തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി

കോവിഡ് രണ്ടാം തരംഗത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ അതിരൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. രാജ്യത്തെ കോവിഡ് രണ്ടാം വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രമാണെന്ന് കോടതി വിമര്‍ശിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് നടന്ന തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കാന്‍ കമ്മീഷന് കഴിഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടു എന്നും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് തെരഞ്ഞെടുപ്പ് നടത്തിയത് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് റാലികള്‍ നടക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്യഗ്രഹത്തില്‍ വല്ലതും ആയിരുന്നോയെന്നും മദ്രാസ് ഹൈക്കോടതി ചോദിച്ചു. വോട്ടെണ്ണല്‍ ദിനത്തെക്കുറിച്ച് കൃത്യമായ പദ്ധതി തയ്യാറാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വെള്ളിയാഴ്ചയ്ക്കുള്ളില്‍ പദ്ധതി വ്യക്തമാക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം വോട്ടെണ്ണല്‍ നിര്‍ത്തി വയ്പ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. പൊതുജനാരോഗ്യം പരമപ്രധാനമാണ്. ഭരണഘടന അധികാരികളെ ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. ഒരു പൗരന്‍ അതിജീവിക്കുമ്പോള്‍ മാത്രമേ ജനാധിപത്യ റിപ്പബ്ലിക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ആസ്വദിക്കാന്‍ കഴിയൂ’ – കോടതി പറഞ്ഞു.

ബംഗാള്‍, തമിഴ്നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പിനൊപ്പം കോവിഡ് കേസുകളും വര്‍ദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 3.52 ലക്ഷം കേസുകളും 2,812 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.