സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ ഇല്ല ; വാരാന്ത്യ നിയന്ത്രണം തുടരും
കൊറോണ വ്യാപനം രൂക്ഷമായി തുടരുകയാണ് എങ്കിലും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും കടുത്ത പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയായി. സംസ്ഥാനത്ത് വാരാന്ത്യത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരാനും സര്‍വകക്ഷി യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.വീണ്ടും ലോക്ഡൗണിലേക്ക് പോകുകയാണെങ്കില്‍ അത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും ജനങ്ങളെയും മോശമായി ബാധിക്കും എന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്. ഇതുപരിഗണിച്ചാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന നിലപാടിലേക്ക് സര്‍വകക്ഷിയോഗം എത്തിയത്.
കടകളുടെ പ്രവര്‍ത്തനം രാത്രി ഏഴര വരെ മാത്രമാക്കി നിജപ്പെടുത്തി. ആരാധനാലയങ്ങളുടെ വലുപ്പനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാമെന്നും തീരുമാനിച്ചു.വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദപ്രകടനങ്ങള്‍ ഒഴിവാക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ അണികളെ നിയന്ത്രിക്കണമെന്ന് സര്‍വകക്ഷിയോ?ഗത്തില്‍ തീരുമാനമായി. കടകള്‍ രാത്രി ഏഴര വരെ മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനാണ് തീരുമാനം. ഇത് ഒന്‍പത് മണിവരെ നീട്ടാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടെങ്കിലും കോവിഡ് അടിയന്തര സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ നിര്‍ദ്ദേശം പിന്നീട് എല്ലാവരും അംഗീകരിക്കുകയായിരുന്നു.
80 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ വിതരണത്തിനായി പ്രത്യേക കൗണ്ടറുകള്‍ വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ആദിവാസി മേഖലകളില്‍ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. ജില്ലകളിലെ നിയന്ത്രണങ്ങള്‍ക്ക് പൊതുസ്വഭാവമായിരിക്കില്ല. കോവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ച് ജില്ലാ ഭരണകൂടങ്ങള്‍ക്ക് അനുയോജ്യമായ തീരുമാനമെടുക്കാം. വാക്സിന്റെ കാര്യത്തില്‍ കേരളം കേന്ദ്രത്തെ പഴിചാരരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സര്‍വ കക്ഷി യോഗത്തില്‍ പറഞ്ഞു.