സോളാര്‍ തട്ടിപ്പ് കേസ് ; സരിത നായര്‍ക്ക് ആറു വര്‍ഷം കഠിന തടവ്
വിവാദമായ സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യ പ്രതി സരിത എസ് നായര്‍ക്ക് ആറു വര്‍ഷം കഠിനതടവ്. ചതി, വഞ്ചന, ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റത്തിനാണ് ശഇക്ഷ. കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദില്‍ നിന്ന് 42.70 ലക്ഷം തട്ടിയ കേസിലാണ് വിധി. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് കേസില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ, കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി ഫജര്‍ ഹൗസില്‍ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫിസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസില്‍ കോടതി സരിതയെ കുറ്റക്കാരിയാണ് എന്ന കണ്ടെത്തിയിരുന്നു. ഒന്നാം പ്രതം ബിജു രാധാകൃഷ്ണന്‍ ക്വാറന്റൈനില്‍ ആയതിനാല്‍ അവധിക്ക് അപേക്ഷിച്ചിരുന്നു.
കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലായി ടീം സോളാര്‍ കമ്പനിയുടെ ഫ്രാഞ്ചൈസി, വിന്‍ഡ്മില്‍ പദ്ധതിയില്‍ പങ്കാളിത്തം തുടങ്ങിയവ വാഗ്ദാനം ചെയ്തു പണം തട്ടിയതായും സരിതയ്ക്കെതിരെ പരാതിയുണ്ട്. കേസുകളില്‍ 2018ല്‍ വിചാരണ പൂര്‍ത്തിയായിരുന്നു. എന്നാല്‍, സരിത കോടതിയില്‍ ഹാജരാകാത്തതിനാല്‍ വിധി പറയുന്നത് പല തവണ മാറ്റിവയ്ക്കുകയായിരുന്നു. 2019ല്‍ നാലു തവണ കേസ് വിധി പറയാന്‍ വച്ചെങ്കിലും സരിത ഹാജരായില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ കേസ് വിധി പറയാന്‍ വീണ്ടുമെടുത്തെങ്കിലും വീണ്ടും സരിത ഹാജരാകാതിരുന്നതിനാലാണ് കേസ് നീണ്ടത്. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനാല്‍ കഴിഞ്ഞയാഴ്ച കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തുടര്‍ന്ന് വ്യാഴാഴ്ച തിരുവനന്തപുരത്ത് വച്ച് കസബ പോലീസ് സരിതയെ അറസ്റ്റ് ചെയ്തു. നിലവില്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ് സരിത.
സോളാര്‍ പാനല്‍ സ്ഥാപിച്ചുനല്‍കാമെന്നു വാഗ്ദാനം നല്‍കി ചാലക്കുടി സ്വദേശി ചിറപ്പണത്ത് പോളില്‍നിന്ന് രണ്ടുലക്ഷത്തിലേറെ രൂപ തട്ടിയ കേസിലും കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശിനി ആര്‍എസ് ജമിനിഷ ബീവിക്ക് ചെക്ക് നല്‍കി 3.80 ലക്ഷം രൂപ തട്ടിയ കേസിലും ആലുവയിലെ സോളാര്‍ തട്ടിപ്പുകേസിലുമാണ് കോടതികള്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നത്. ചാലക്കുടി, ആലുവ, കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതികളും വിവിധ സോളാര്‍ തട്ടിപ്പുകേസുകളില്‍ സരിതയെ ഹാജരാക്കാന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു.