എഫ്.ഒ.സി ഓസ്ട്രിയ കേരളത്തില്‍ നിര്‍മ്മിച്ച ആദ്യ ഭവനത്തിന്റെ താക്കോല്‍ ദാനം
വിയന്ന: ചങ്ങനാശ്ശേരിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ഓസ്ട്രിയയില്‍ ജീവിക്കുന്നവരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശ്ശേരി (എഫ്.ഒ.സി) ഓസ്ട്രിയ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാന ചടങ്ങ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങുകള്‍ കോവിഡിന്റെ പ്രോട്ടോകോള്‍ നില്‍നില്‍ക്കുന്നതുകൊണ്ട് ജന സമ്പര്‍ക്കമില്ലാതെ ഓണ്‍ലൈന്‍ ആയിട്ടാണ് സംഘടിപ്പിച്ചത്.
കേരളത്തിലെ വെള്ളപ്പൊക്ക സമയത്ത് വീട് നഷ്ടപ്പെട്ട സോമന്റെയും കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ട എഫ്. ഒ. സിയുടെ പ്രതിനിധി അദ്ദേഹത്തെ സന്ദര്‍ശിക്കുകയും സ്ഥിതി നേരിട്ട് മനസിലാക്കുകയും ചെയ്തു. തുടര്‍ന്ന് കൂട്ടായ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വീട് നിര്‍മ്മിക്കാനുള്ള ആദ്യ പദ്ധതിക്ക് തുടക്കം കുറയ്ക്കുകയായിരുന്നു.
വീടിന്റെ താക്കോല്‍ദാന കര്‍മ്മം എഫ്.ഒ.സി ഓസ്ട്രിയ പ്രസിഡണ്ട് ജോഷിമോന്‍ എറണാകേരില്‍ നിര്‍വ്വഹിച്ചു. കൂട്ടായ്മയിലെ അംഗങ്ങളും കമ്മിറ്റി പ്രതിനിധികളും സന്നിഹിതരായിരുന്നു. ബിജു കരിയമ്പള്ളി നേതൃത്വം നല്‍കി.