വോട്ടണ്ണെല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ ; ആവശ്യം തള്ളി ഹൈക്കോടതി

കോവിഡ് രൂക്ഷമാകുന്ന വേളയില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റേയും തെരഞ്ഞെടുപ്പ് കമ്മീഷന്റേയും നടപടികള്‍ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മേയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജികളിലെ ആവശ്യം.

വോട്ടെണ്ണല്‍ ദിനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും വിശദീകരിച്ചതോടെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയായിരുന്നു. ഫലപ്രഖ്യാപന ദിവസം വിജയാഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കുമെന്നും, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നതടക്കം സര്‍വകക്ഷി യോഗത്തില്‍ എടുത്ത തീരുമാനങ്ങളാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും കോടതിയില്‍ വ്യക്തമാക്കി.

അതേസമയം വോട്ടെണ്ണലിന് ശേഷമുള്ള ആഹ്‌ളാദപ്രകടനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു. വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ അഞ്ചിടങ്ങളിലും വിലക്ക് ബാധകമാണ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. തൊട്ടടുത്ത ദിവസവും ആഘോഷം പാടില്ലെന്നാണ് കമ്മീഷന്റെ നിര്‍ദേശം. ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസറില്‍നിന്നും വിജയിച്ച സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പോകുമ്പോള്‍ വിജയിച്ചയാള്‍ക്ക് രണ്ടില്‍ കൂടുതല്‍ പേരെ ഒപ്പംകൂട്ടാന്‍ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. വിശദമായ ഉത്തരവ് ഉടന്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.