ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന നീക്കം ഹൈക്കോടതി തടഞ്ഞു

കണ്ണൂര്‍ സര്‍വകലാശാലയില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ.ഷഹലയുടെ നിയമന നീക്കം ഹൈക്കോടതി തടഞ്ഞു. എച്ച്ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മെയ് ഏഴുവരെ സ്ഥിരനിയമനം പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയെ ധൃതി പിടിച്ച് നിയമിക്കുന്ന് നടപടി ചോദ്യം ചെയ്ത് അഭിമുഖത്തില്‍ പങ്കെടുത്ത ഡോ.ബിന്ദു നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഷഹലയെ മാനദണ്ഡം മറികടന്ന് നിയമിക്കാന്‍ നീക്കമുണ്ടെന്ന് കാണിച്ച് ഉദ്യോഗാര്‍ത്ഥിയായ എം പി ബിന്ദുവാണ് ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പോലും ലംഘിച്ച് അഭിമുഖം നടത്തിയതിന് പിന്നില്‍ സ്ഥാപിത താല്‍പര്യം ഉണ്ടെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്.

തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി ഏപ്രില്‍ 16ന് 30 ഉദ്യോഗാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ അഭിമുഖം നടത്തിയിരുന്നു. ഇതില്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹലയും ഉള്‍പ്പെട്ടിരുന്നു. ഷഹലയെ പിന്‍വാതിലിലൂടെ നിയമിക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണം ഉയര്‍ത്തി സേവ് യൂണിവേഴിസിറ്റി ഫോറം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. പെരുമാറ്റ ചട്ടം മറികടന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ സഹലയെ യുജിസി എച്ച് ആര്‍ഡി സെന്ററില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ സ്ഥിരനിയമനം നടത്താന്‍ നീക്കം നടക്കുന്നുവെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല വിസിയെ കഴിഞ്ഞ ദിവസം കെ.എസ്.യു ഉപരോധിച്ചിരുന്നു.

വിഷയത്തില്‍ യൂണിവേഴ്‌സിറ്റിയുടെ കൂടി വാദം കേട്ടശേഷം മാത്രമായിരിക്കും അന്തിമമായ കോടതി നടപടി. നിലവിലെ നിയമന നടപടികള്‍ നിര്‍ത്തിവക്കാന്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടത്.കേന്ദ്രത്തിലെ തസ്തികകള്‍ ആദ്യം താല്‍ക്കാലികമായിരുന്നെങ്കിലും, അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു സ്ഥിരം തസ്തിക സൃഷ്ടിക്കുവാന്‍ സര്‍ക്കാര്‍ കണ്ണുര്‍ സര്‍വകലാശാലയ്ക്ക് മാത്രമായി കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു.