പറവൂരില്‍ നിന്നുള്ള വനിതയ്ക്ക് ഇന്റര്‍നാഷണല്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡസ്
കേരളത്തിലെ എറണാംകുളം ജില്ലയിലെ പറവൂരില്‍ നിന്നൊരു അതുല്യ കലാകാരി സൗദിയിലെ റിയാദിന്റെ മണ്ണില്‍ വരയിലും വര്‍ണ്ണത്തിലും അത്ഭുതങ്ങള്‍ രചിക്കുകയാണ്. ഏറ്റവും കൂടുതല്‍ കലാ മാധ്യമങ്ങള്‍ ഉപയോഗിച്ച് ഒരൊറ്റ ഛായാചിത്രം നിര്‍മ്മിക്കുക എന്ന വിഭാഗത്തിലാണ് പുരസ്‌കാരം.
പേന, പെന്‍സില്‍, ടീ പൊടി, കോഫി പൊടി, ജല ചായം, കളര്‍ പെന്‍സിലുകള്‍, അക്രിലിക് പെയിന്റ്, മണല്‍, ഗ്ലിറ്റര്‍, കല്ലുകള്‍, ക്രയോണുകള്‍, ഓയില്‍ പാസ്റ്റലുകള്‍, കരി, മാര്‍ക്കറുകള്‍ എന്നിങ്ങനെ എന്തും ഉപയോഗിച്ചു മനോഹരമായ സൃഷ്ടികള്‍ നടത്തി അത്ഭുതപ്പെടുത്തുകയാണ് മാനേജ്മന്റ് ബിരുദധാരിയായ മിനുജ മുഹമ്മദ് എന്ന കലാകാരി.
4ല്‍ അധികം വസ്തുക്കള്‍ ഉപയോഗിച്ചും, വിവിധയിനം കലകളെ കൂട്ടിയിണക്കി പ്രയോഗത്തില്‍ വരുത്തിയും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഛായചിത്രം വെറും രണ്ട് മണിക്കൂറിനുള്ളില്‍ മിനുജ പകര്‍ത്തിയെടുത്ത്. 2021 ഫെബ്രുവരി 5ന് രചിച്ച ഈ ചിത്രം ബുക്‌സ് ഓഫ് റെക്കോര്‍ഡസിന്റെ ‘most art medium used to make a single portrait’ എന്ന വിഭാഗത്തില്‍ ലോക റെക്കോര്‍ഡില്‍ ഇടം നേടുകയാണ് ഉണ്ടായത്. ന്യൂ ഡല്‍ഹി ആസ്ഥാനമാക്കിയുള്ള IBR നിന്നും മിനുജ ആര്‍ട്ട് വര്‍ക്ക് ചെയ്യുന്നതിന്റെ മുഴു നീള വീഡിയോ അയച്ചു നല്‍കി വിദഗ്ധര്‍ അത് വിശകലനം നടത്തിയാണ് റെക്കോര്‍ഡിനായി തിരഞ്ഞെടുത്തത്.
കഴിഞ്ഞ നാല് വര്‍ഷമായി റിയാദില്‍ താമസിക്കുന്ന മിനുജ മുഹമ്മദ് നിരവധി കലാ പ്രദര്‍ശനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. സ്വദേശി പൗരന്മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇതിനോടകം തന്നെ മിനുജയുടെ ചിത്രങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. കേരള മണ്ണില്‍ നിന്നൊരു വനിത സൗദിയുടെ മണ്ണില്‍ തന്റെ വരകളിലൂടെയും വര്‍ണ്ണങ്ങളിലൂടെയും വിസ്മയങ്ങള്‍ തീര്‍ക്കുമ്പോള്‍ മിനുജ മുഹമ്മദ് എന്ന കലാകാരി റിയാദ് മലയാളി സമൂഹത്തിനൊന്നാകെ അഭിമാനമാകുകയാണ്. റെക്കോര്‍ഡില്‍ ഇടം പിടിച്ച തന്റെ ചിത്രം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനു നേരിട്ട് സമ്മാനിക്കണം എന്നതാണ് മിനുജയുടെ ആഗ്രഹം.