റഷ്യന്‍ വാക്‌സിന്‍ ‘സ്പുട്‌നിക് 5’ അടുത്ത മാസം എത്തിച്ചേരും
റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്പുട്‌നിക് 5ന്റെ ആദ്യ ബാച്ച് മെയ് അവസാനത്തോടെ എത്തച്ചേരുമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്. എത്ര ഡോസ് വാക്‌സിനാണ് എത്തിച്ചേരുന്നത് എന്ന് വ്യക്തമായിട്ടില്ല. സ്പുട്‌നിക് കൂടി എത്തിച്ചേരുന്നതോടെ, കോവിഡിനെതിരെ ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൂന്നാമത്തെ വാക്‌സിനായിരിക്കും സ്പുട്‌നിക് 5. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വഴിയുള്ള വാക്‌സിനുകളാണ് ആദ്യ ഘട്ടത്തില്‍ രാജ്യത്തെത്തുന്നത്. വേനല്‍ അവസാനത്തോടെ അന്‍പത് മില്യണ്‍ സ്പുട്‌നിക് ഡോസുകള്‍ ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആര്‍.ഡി.ഐ.എഫ് തലവന്‍ കിറില്‍ ദിമിത്രേവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനി വികസിപ്പിച്ച വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ നിലവില്‍ അഞ്ച് മരുന്ന് നിര്‍മാണ കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ട്. അധികം കമ്പനികളുമായി കൂടി കരാറിലെത്താന്‍ ശ്രമിക്കുന്നതായും ആര്‍.ഡി.ഐ.എഫ് പറഞ്ഞു. -18 മുതല്‍ -22 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ ആയിരിക്കും വാക്‌സിന്‍ ഇറക്കുമതി ചെയ്യുക. നേരത്തെ, റഷ്യന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഇന്ത്യയിലേയ്ക്ക് പത്ത് ലക്ഷം ഡോസ് റെംഡിസിവിര്‍ ഇഞ്ചക്ഷന്‍ അയയ്ക്കാന്‍ തയ്യാറാണെന്ന് റഷ്യന്‍ മരുന്നുനിര്‍മാണ കമ്പനിയായ ഫാര്‍മസിന്തിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.