കോവിഷീല്‍ഡ് വാക്‌സിന്റെ വില കുറച്ചു

കോവിഷീല്‍ഡിന്റെ വില കുറച്ചു. രാജ്യത്തു ഉയര്‍ന്ന എതിര്‍പ്പുകളെ തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ ഡോസിന് 300 രൂപയ്ക്ക് നല്‍കുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനെവാല അറിയിച്ചത്. നേരത്തെ സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസിന് 400 രൂപയാണ് നിശ്ചയിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിനും സ്വകാര്യ ആശുപത്രികള്‍ക്കും നേരത്തെ നിശ്ചയിച്ച നിരക്കില്‍ തന്നെയാണ് വാക്‌സിന്‍ നല്‍കുക. കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലുമാണ് വാക്‌സിന്‍ നല്‍കുക. ‘സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വാക്‌സിന്റെ വില 400 രൂപയില്‍ നിന്ന് 300 രൂപയായി കുറയ്ക്കുകയാണ്. ഉടന്‍ പ്രാബല്യത്തിലാകും. ഇതിലൂടെ സംസ്ഥാനങ്ങള്‍ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാം. ഇതിലൂടെ കൂടുതല്‍ പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്താനും എണ്ണമറ്റ ജീവനുകള്‍ രക്ഷിക്കാനും കഴിയും’ എന്നാണ് പൂനെവാലയുടെ ട്വീറ്റ്.

ഓക്സ്ഫോഡ്-ആസ്ട്രസെനിക്ക വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ കൂടിയ വില ഇന്ത്യയില്‍ നിശ്ചയിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മൂന്ന് വില എന്ന നയം ശരിയല്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ഭാരത് ബയോടെക് – ഐസിഎംആര്‍ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കോവാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപ നിരക്കിലുമാണ് നല്‍കുക. മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ എടുക്കാമെന്നും സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മരുന്ന് കമ്പനികളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങാമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ സൌജന്യമായി തന്നെ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.