അസമില്‍ ഭൂകമ്പം ; റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തി
അസമില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഈ ഭൂചലനം പ്രതിഫലിച്ചുവെന്ന് മെഡിറ്ററിനിയന്‍ സീസ്‌മോളജി സെന്റര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് അസമില്‍ ഭൂചലനം ഉണ്ടായതായി അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശര്‍മ്മ സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ന് രാവിലെ 7.51 നാണ് അസമില്‍ ഭൂചലനം അനുഭപ്പെട്ടത്. 6.4 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായതെന്നും പ്രഭവകേന്ദ്രത്തില്‍ നിന്നും 17 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം രൂപപ്പെട്ടതെന്നും സെന്റര് ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് വീടുകളുടെ ഭിത്തികളില്‍ വിള്ളല്‍ വീഴുകയും ജനലുകള്‍ തകരുകയും ചെയ്തു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പലഭാഗങ്ങളിലും വടക്കന്‍ ബംഗാളിലും പിന്നെ ഭൂട്ടാന്റെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം ഉണ്ടായി. ഗുവാഹാട്ടിക്ക് 140 കിലോമീറ്റര് അകലെയുള്ള ദെക്കിയജൂലി പട്ടണമാണ് ഭൂകമ്പത്തിന്റെ പ്രഭവ സ്ഥാനമായി കണ്ടെത്തിയിട്ടുള്ളത്. പ്രധാന മന്ത്രി നരേന്ദ്രമോദി ആസ്സാമിലെ ഭൂചലനത്തെ കുറിച്ച് അന്വേഷിക്കുകയും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു.