എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചു

കൊവിഡ് വ്യാപനം കണക്കിലെടുത്ത് എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചു. മേയ് അഞ്ചിന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാദ്യാസ ഡയറക്ടര്‍ അറിയിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ ഒരേ സമയം മൗസും കീബോര്‍ഡും ഉപയോഗിക്കുന്നത് കൊവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. മാത്രമല്ല കമ്പ്യൂട്ടര്‍ ലാബില്‍ സാമൂഹിക അകലം പാലിക്കാനും കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനും ബുദ്ധിമുട്ടാണെന്ന് അധ്യാപകരും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് പരീക്ഷ മാറ്റിയത്.

നേരത്തെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ നേരത്തെ മാറ്റി വച്ചിരുന്നു. 28 ന് ആരംഭിക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ പരീക്ഷ തീയതികള്‍ പിന്നീട് അറിയിക്കും. 28 -ആം തീയതി മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ നിലവിലെ കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.