ട്രെയിനില്‍ യുവതിയെ ആക്രമിച്ച നൂറനാട് സ്വദേശിക്കായി തെരച്ചില്‍

ട്രെയിനില്‍ യുവതിക്കുനേരെ ആക്രമണം. പ്രാണരക്ഷാര്‍ത്ഥം ട്രെയിന് പുറത്തേക്കു ചാടിയ യുവതിയുടെ തലയ്ക്കു പരിക്കേറ്റു. ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കാഞ്ഞിരമറ്റം ഭാഗത്തുവെച്ചാണ് സംഭവം ഉണ്ടായത്.ചെങ്ങന്നൂരില്‍ സ്‌കുളില്‍ ജീവനക്കാരിയാണ് യുവതി. യുവതി ഒറ്റയ്ക്കാണെന്ന് കണ്ടതോടെ ട്രെയിനിലെ മറ്റൊരു കമ്പാര്‍ട്ട്‌മെന്റിലായിരുന്ന പ്രതി അക്രമിക്കാനും കവര്‍ച്ച ചെയ്യാനും ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തിലാണുള്ളത്.

അതേസമയം യുവതിയെ ആക്രമിച്ച ആളെ തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചത് സ്വര്‍ണം കവര്‍ന്നത്. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ ചിത്രം യുവതി തിരിച്ചറിഞ്ഞതോടെയാണ് പ്രതിയെ സംബന്ധിച്ച വ്യക്തത പൊലീസിന് ലഭിച്ചത്. ബാബുക്കുട്ടന്‍ ആര്‍.പി.എഫിന്റെ പ്രതിപ്പട്ടികയില്‍ ഉള്ളയാളാണ് എന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ രാവിലെ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം.

ചെങ്ങന്നൂരില്‍ ജോലിക്ക് പോകുവാന്‍ വേണ്ടി മുളന്തുരുത്തിയില്‍നിന്ന് ട്രെയിന്‍ കയറിയതായിരുന്നു യുവതി. ട്രെയിന്‍ കാഞ്ഞിരമറ്റം പിന്നിട്ടതിനു പിറകെ അക്രമി സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്തുമെന്നു ഭീഷണിപ്പെടുത്തി മാലയും വളയും ഊരിവാങ്ങി. വീണ്ടും ആക്രമണത്തിനു ശ്രമിക്കുന്നതിനിടെ യുവതി ഡോര്‍ തുറന്നു പുറത്തേക്കുചാടുകയായിരുന്നു. സംഭവസമയത്ത് യുവതി മാത്രമായിരുന്നു കംപാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നത്.