ഒരു അമേരിക്കന്‍ (ദുഃ) സ്വപ്നം: വിധിക്കു കാത്തിരിക്കുന്ന പോലീസുകാരന്‍
റൗഎല്‍ ഫെര്‍ണാണ്ടസ്, അമേരിക്കന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയിലെ ലോസ് ഇന്‍ഡിയോസ് ചെക്ക് പോയിന്റില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 18 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കൃത്യ നിര്‍വഹണത്തില്‍ ഇത്രയും കര്‍ക്കശക്കാരനായ സത്യസന്ധനായ, പ്രലോഫനങ്ങള്‍ക്കു വഴങ്ങാത്ത ആ ഓഫീസറെ സേനയില്‍ എല്ലാവര്‍ക്കും ബഹുമാനമായിരുന്നു. ലോസ് ഇന്‍ഡിയോസ് ചെക്ക്‌പോസ്റ്റിലൂടെ മതിയായ രേഖകളില്ലാതെ ഈച്ചക്കു പോലും കടന്നു പോവുക അസാധ്യം.
മനുഷ്യക്കടത്തും മയക്കുമരുന്നും കുഴല്‍പ്പണ ഇടപാടുകളും നടത്തി വന്ന പല മാഫിയാ ഗ്രുപ്പുകളെയും അയാള്‍ പൊളിച്ചടുക്കി നിയമത്തിനു മുന്നില്‍ കൊണ്ടു വരികയും ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഫോഴ്സില്‍ ഹീറോ പരിവേഷവും പുരസ്‌കാരങ്ങളും നല്‍കി അയാള്‍ ആദരിക്കപ്പെട്ടപ്പോള്‍ മെക്‌സിക്കന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിലെ കരടായി മാറിയിരുന്ന അയാളെ അവസരം കിട്ടിയാല്‍ വക വരുത്തുവാന്‍ അവര്‍ അതിര്‍ത്തിക്കപ്പുറം തക്കം പാര്‍ത്തിരുന്നു.
കൂടെ ജോലിചെയ്യുന്നവര്‍ക്കെല്ലാം മികച്ച പരിശീലനം നല്‍കി കാര്യക്ഷമമായ മേല്‍നോട്ടം നടത്തിയിരുന്നതുകൊണ്ട് സാധാരണ ഗതിയില്‍ മേലധികാരികള്‍ അവിടെ പരിശോധനക്കായി വരാറില്ല, കൂടെ ജോലി ചെയ്യുന്ന ആരെപ്പറ്റിയെങ്കിലും മദ്യപാനത്തിനോ കൈക്കൂലി വാങ്ങിയതിനോ ആരെങ്കിലും നേരിട്ടു പരാതിപ്പെട്ടാലല്ലാതെ. അങ്ങനത്തെ അവസരങ്ങളില്‍ അവര്‍ ഫെര്‍ണാണ്ടസിന്റെ ഓഫീസില്‍ വന്ന് കുറ്റാരോപിതനെ വിളിച്ചു വരുത്തി നടപടികള്‍ സ്വീകരിക്കയാണു പതിവ്. എന്നാല്‍ അന്ന് (2018 ആദ്യം) ബ്രൗണ്‍ വില്ലയില്‍ നിന്നും പരിശോധനക്കെത്തിയ ഇന്‍സ്പെക്ടര്‍മാര്‍ അയാളുടെ ഓഫീസിലെത്തിയ ത് ഫെര്‍ണാണ്ടസ്സിനുള്ള സസ്‌പെന്‍ഷന്‍ ഉത്തരവുമായിട്ടാണ്.
കുറ്റം: അനധികൃത കുടിയേറ്റം !
ഫെര്‍ണാണ്ടസിന്റെ കണ്ണുകളില്‍ ഇരുട്ടു കയറി, തല മരവിച്ചു, ഒന്നും മനസ്സിലാക്കാനാവാതെ അയാള്‍ കസേരയിലേക്ക് വീണു.
ജോലിയുടെ ഭാഗമായി അയാളുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും, യൂണിഫോമിലുള്ള മുദ്രയും തിരിച്ചു വാങ്ങി സഹപ്രവര്‍ത്തകര്‍ക്കു മുന്നിലൂടെ അയാളെ കസ്റ്റഡിയിലെടുത്തു നടത്തിക്കൊണ്ടു പോയി; Walk of shame എന്നാണ് ഈ അപമാനകരമായ സാഹചര്യത്തെ വിശേഷിപ്പിക്കുന്നത്. അവരുടെ മുന്നിലൂടെ അയാള്‍ തല കുനിച്ചു നടന്നു.
കഴിഞ്ഞ 18 വര്‍ഷങ്ങളില്‍ ഒറ്റ അനധികൃത കുടിയേറ്റക്കാരനെയും കടത്തി വിടാതെ അതിര്‍ത്തി കാത്തവനാണു താന്‍. അതിനു മുന്‍പ് 5 വര്‍ഷം അമേരിക്കന്‍ നേവിയില്‍ സേവനമനുഷ്ഠിച്ചു.
നീണ്ട 23 വര്‍ഷങ്ങള്‍;
മിലിറ്ററി പോലീസായി, അണ്ടര്‍ കവര്‍ ഏജന്റ് ആയി പരിശീലകനായി ഒക്കെ താന്‍ രാജ്യത്തെ സേവിച്ചിരിക്കുന്നു. രണ്ടാം ഗള്‍ഫു യുദ്ധത്തില്‍ താനും മുന്‍നിരയിലുണ്ടായിരുന്നു. മരുഭൂമിയിലെ പരാക്രമങ്ങള്‍ക്കു കിട്ടിയ മെഡലുകളും കമാണ്ടര്‍മാരുമൊത്തുള്ള ഫോട്ടോകളുമെല്ലാം ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. യുദ്ധത്തിനിടെ തലക്കേറ്റ പരുക്കു കാരണമാണ് വികലാംഗ പെന്‍ഷന്‍ വാങ്ങി നേവിയില്‍ നിന്നും പിരിഞ്ഞു പോരേണ്ടി വന്നത് ; അല്ലെങ്കില്‍ നേവിയിലെ സാഹസികത നിറഞ്ഞ ജീവിത0 അയാള്‍ ഇഷ്ടപ്പെട്ടിരുന്നു.
അതിനുശേഷമാണ് ഫെര്‍ണാണ്ടസ് അതിര്‍ത്തി കാക്കുന്ന ജോലിക്കെത്തുന്നത്.. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത യ്ക്കും, സുരക്ഷക്കും ഭീഷണിയാകുന്ന അനധികൃത കുടിയേറ്റത്തെ ന്യായീകരിക്കാന്‍ ഒരിക്കലും അയാള്‍ക്ക് സാധിച്ചിട്ടില്ല. ഡൊണാള്‍ഡ് ട്രംപിന്റെ ഈ നയങ്ങളെ പിന്തുണച്ചാണ് അന്ന് അയാള്‍ക്ക് വേണ്ടി ഫെര്‍ണാണ്ടസ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങിയത് പോലും.
റൗഎല്‍ ഫെര്‍ണാണ്ടസിന്റെ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ഇന്‍സ്പെക്ടര്‍ മാര്‍ കണ്ടെത്തിയിരിക്കുന്നത്.
തികച്ചും അസംഭവ്യം, ഫെര്‍ണാണ്ടസ് പറഞ്ഞു. താന്‍ ജനിച്ചത് ടെക്‌സസ്സിലെ ബ്രൗണ്‍വില്ലെയിലാണെന്നത് ഫെര്‍ണാണ്ടസിനെ സംബന്ധിച്ചിടത്തോളം സംശയമറ്റ കാര്യമാണ്. തന്റെ ജനന സെര്‍ട്ടിഫിക്കറ്റും അതാണ് സാക്ഷ്യപ്പെടുത്തുന്നത്. അല്ലെങ്കില്‍ തന്റെ പിതാവിന് തീര്‍ച്ചയായും ഇതു സാക്ഷ്യപ്പെടുത്താന്‍ സാധിക്കും; അയാള്‍ പിതാവുമായി ബന്ധപ്പെടാമെന്നു തീരുമാനിച്ചു…
ബ്രൗണ്‍ വില്ലയില്‍ ജനിച്ചെന്നതിനുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിക്കൊടുത്ത നഴ്സില്‍ നിന്നും നേരത്തെ തന്നെ വിവരശേഖരണം നടത്തിയിരുന്ന മേലധികാരികള്‍ക്ക് ഫെര്‍ണാണ്ടസിന്റെ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നതിനു സംശയങ്ങളൊന്നുമില്ലായിരുന്നു.
ഫെര്‍ണാണ്ടസ് തന്റെ അച്ഛനെ അതിര്‍ത്തിക്കപ്പുറത്തു നിന്നും ( അതിര്‍ത്തിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് മെക്‌സിക്കോയില്‍ അവരുടെ വീട്) വിളിച്ചു വരുത്തി.
ഇന്‍സ്പെക്ടര്‍ മാരുടെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ പിടിച്ചു നില്‍ക്കാനാവാതെ അവസാനം അയാള്‍ ആ സത്യം പറഞ്ഞു; ഫെര്‍ണാണ്ടസ് ജനിച്ചതു മെക്‌സിക്കോയിലായിരുന്നു.
അവനു 4 വയസ്സ് കഴിഞ്ഞപ്പോള്‍ ടെക്‌സസ്സിലുള്ള ഒരു കുടുംബത്തോടൊപ്പം അവനെ അതിര്‍ത്തി കടത്തി വിട്ടു.
ബ്രൗണ്‍വില്ലയിലാണ് ജനിച്ചതെന്നതിനുള്ള ഒരു വ്യാജ ജനന സെര്‍ട്ടിഫിക്കറ്റ് നേഴ്‌സിന്റെ സഹായത്തോടെ സംഘടിപ്പിച്ചു). മെക്‌സിക്കോയിലാണ് അവന്‍ ജനിച്ചതെന്നും വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തിലാണ് അവനെ അതിര്‍ത്തി കടത്തി വിട്ടതെന്നും ഫെര്‍ണാണ്ടസ്സിനെ അറിയിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ അവന്‍ ചെറുപ്പം മുതല്‍ തികച്ചും അമേരിക്കന്‍ പൗരനായിട്ടാണ് വളര്‍ന്നു വന്നത്.
മെക്‌സിക്കോയിലെ ദരിദ്ര കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം അതിര്‍ത്തിക്കപ്പുറത്തു സമ്പല്‍സമൃദ്ധമായ അമേരിക്കയില്‍ ആരെങ്കിലുമുണ്ടാവുകയെന്നത് തങ്ങളുടെ ദാരിദ്രാവസ്ഥയില്‍ നിന്നുള്ള മോചനത്തിന് ഒരു മുന്‍ കരുതലായിരുന്നു. പല മെക്‌സിക്കന്‍ കുടുംബങ്ങളില്‍ നിന്നും ഇങ്ങനെ അനധികൃത മാര്‍ഗങ്ങളിലൂടെ അമേരിക്കയിലെത്തിയവര്‍ ഏതാണ്ട് 11 മില്യനോളമുണ്ടെന്നാണ് പറയപ്പെടുന്നത്. (വിവാഹ സര്‍ട്ടിഫിക്കറ്റിലും ജനന സര്‍ട്ടിഫിക്കറ്റിലുമൊക്കെ തിരിമറി നടത്തി അമേരിക്കയിലെത്തിയിട്ടുള്ള മലയാളികളുള്‍പ്പെടെയുള്ള അനധികൃതരെ കൂട്ടാതെയുള്ള കണക്കാണിത്). ദൈനം ദിന ജീവിതത്തിനു വകയില്ലാതെ ബുദ്ധിമുട്ടിയിരുന്ന ഒരു മെക്‌സിക്കന്റെ മുന്‍പില്‍ അതിടര്‍ത്തികടന്ന് അമേരിക്കന്‍ പറുദീസയില്‍ എത്തിപ്പെടാന്‍ സാധിച്ചവര്‍ ഭാഗ്യം ചെയ്തവരായിരുന്നു!
ടെക്‌സസ്സില്‍ ഫെണാണ്ടസിനെ താമസിപ്പിച്ച കുടുംബം അവനെ ഒരടിമയെപ്പോലെ വീട്ടു ജോലികള്‍ ചെയ്യിച്ചു, അവര്‍ കഴിക്കുന്ന ഭക്ഷണമോ, അവരുടെ കുട്ടികളോടൊപ്പമുള്ള ഇടപെടലുകളോ ഒക്കെ അവനു വിലക്കപ്പെട്ടതായിരുന്നു. സ്‌കൂള്‍ അവധിക്ക് മാതാപിതാക്കളെയും സഹോദരങ്ങളെയും സന്ദര്‍ശിക്കുന്ന ഫെര്‍ണാണ്ടസ് തിരിച്ചു പോകുന്നത് സന്തോഷത്തോടെയല്ലായിരുന്നു. മറ്റുള്ളവരുടെ കണ്ണില്‍ പറുദീസയായിരുന്ന അമേരിക്ക അവനു വേണ്ടി ഒരു നരകമായിരുന്നു 12 ആം ക്ലാസ്സ് പൂര്‍ത്തിയായപ്പോള്‍ ഫെര്‍ണാണ്ടസ് തനിക്ക് ആതിഥ്യം നല്‍കിയിരുന്ന കുടയംബത്തോടു വിട പറഞ്ഞു. എന്തെങ്കിലും ജോലി തേടിയുള്ള അലച്ചിലിനിടയില്‍ നിര്‍മാണ മേഖലയിലും, പാടത്തും, ഇറച്ചിവെട്ടുന്നിടത്തും ഒക്കെ അവന്‍ ജോലി ചെയ്തു.
സ്ഥിരമായ ജോലിതേടിയുള്ള അലച്ചില്‍ അവനെ ഇന്നോവയിലെ മൈസ് പാടങ്ങളിലെത്തിച്ചു.
അവിടെ നിന്നുമാണ് അവന്‍ പട്ടാളത്തില്‍ ചേരാന്‍ തീരുമാനിക്കുന്നത്. നേവിയില്‍ റിക്രൂട്ട് ആയ ഫെര്‍ണാണ്ടസ്, സ്ഥിരമായ തനിക്കിഷ്ട്ടപ്പെട്ട ജോലി ചെയ്യാന്‍ അവസരം കിട്ടിയതില്‍ സന്തോഷിച്ചു.
ആ സന്തോഷമാണ് ഇറാക്കിലെ മരുഭൂമിയില്‍ വച്ച് തലയ്ക്കേറ്റ ആഘാതത്തോടെ ഇല്ലാതായത്.
പിന്നീട് അതിര്‍ത്തി കാക്കുന്ന ജോലിയില്‍ നീണ്ട 18 വര്ഷം ജോലി ചെയ്തിരുന്ന താന്‍ ഇപ്പോള്‍ ഒരു അനധികൃത കുടിയേറ്റക്കാരനായി മുദ്ര കുത്തപ്പെട്ടിരിക്കുന്നു.
ശിക്ഷിക്കപ്പെട്ടാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ താന്‍ മാത്രം അനുഭവിച്ചു തീര്‍ത്താല്‍ തീരില്ല; തന്റെ മൂത്ത മകന്‍ ജനിച്ചത് മെക്‌സിക്കോക്കാരിയായ ആദ്യ ഭാര്യയിലാണ്. അവനും കുടുംബവും പുറത്താക്കപ്പെടും. ഇപ്പോളത്തെ ഭാര്യ, തന്നോടൊപ്പം ഓഫീസില്‍ ജോലി ചെയ്യുന്ന വിനിതയുടെ ജോലിയും പോകും; ഒരു അനധികൃത കുടിയേറ്റക്കാരന്റെ ഭാര്യക്ക് ഗവണ്‍മെന്റ് ജോലികള്‍ നിഷിദ്ധമാണ്. ജോലിയും വരുമാനവുമില്ലാതെ പെന്‍ഷന്‍ ആകാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുറത്താക്കപ്പെട്ടാല്‍ എന്ത് ചെയ്യണമെന്ന് അവന് ഒരെത്തും പിടിയും കിട്ടിയില്ല.
അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുള്ളപ്പോള്‍, മരണാസന്നയായി ഹൂസ്റ്റണില്‍ ആശുപതിയില്‍ കിടക്കുന്ന സ്വന്തം സഹോദരിക്ക് കിഡ്നി ദാനം ചെയ്യാനെത്തിയ 18 വയസ്സുകാരനെ അവന്‍ ഓര്‍ത്തു; വിസയില്ലാതിരുന്നത് കൊണ്ട് അനധികൃതമായി മാനുഷിക പരിഗണന വച്ച് വേണമെങ്കില്‍ കടത്തിവിടാന്‍ അവസരമുണ്ടായിട്ടും അവന്‍ ചെയ്തില്ല. അവന്റെ സഹോദരി അടുത്ത ദിവസം മരണപ്പെട്ടതായറിഞ്ഞു.
അമേരിക്കയില്‍ പഠിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരന്‍ വല്യമ്മയുടെ ശവമടക്കിനു പോയി തിരിച്ചു വന്നപ്പോള്‍ ഫെര്‍ണാണ്ടസിന്റെ മുന്‍പിലാണ് വന്നു പെട്ടത്. സൂഷ്മ പരിശോധനയില്‍ രേഖകള്‍ വ്യാജമായിരുന്നെന്നു കണ്ടുപിടിച്ചു. അവനെയും കടന്നു പോകാന്‍ അനുവദിച്ചില്ല. അവിടെ നിന്നും ഓടി രക്ഷപെട്ട അവന്റെ മൃതശരീരം അടുത്ത ദിവസം റിയോ ഗ്രാന്‍ഡോ യില്‍ നിന്നും കണ്ടെടുത്തു. അതിര്‍ത്തി നീന്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നു. ഈ ദാരുണ സംഭവങ്ങളൊന്നും ഫെര്‍ണാണ്ടസിന്റെ ആകുലപ്പെടുത്തുന്നില്ല; അവന്‍ നിയമം അനുശാസിക്കും വിധം അവന്റെ ജോലി ചെയ്യുകയായിരുന്നു.
താനും ഇപ്പോള്‍ അനധികൃത കുടിയേറ്റത്തിനു ശിക്ഷിക്കപ്പെടേണ്ടവനാണെന്നതില്‍ ഫെര്‍ണാണ്ടസ്സിനു സംശയങ്ങളൊന്നുമില്ല; ആരില്‍ നിന്നും ഔദാര്യങ്ങളൊന്നും അവന്‍ പ്രതീക്ഷിക്കുന്നുമില്ല.
ഈ ദിവസങ്ങളില്‍ അവന്റെ കേസ് പരിഗണിക്കുന്നുണ്ട് ; മില്യനിലധികം അനധികൃതര്‍ ആശങ്കയോടെ ഉറ്റു നോക്കുന്ന വിധി!
അവരുടെ ഭാവി നിര്‍ണയിച്ചേക്കാവുന്ന വിധി.