വൈഗ കൊലക്കേസ് ; സനു മോഹനെ കസ്റ്റഡിയില്‍ വിട്ടു ; ചോദ്യം ചെയ്യലിന് മനഃശാസ്ത്ര വിദഗ്ധന്റെ സേവനം തേടിയേക്കും

വൈഗ കൊലപാതക കേസിലെ പ്രതി സനുമോഹനെ നാല് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ കസ്റ്റഡി നീട്ടണമെന്ന ആവശ്യം കാക്കനാട് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. സാമ്പത്തിക തട്ടിപ്പ് കേസില്‍ സനുമോഹന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള മുംബൈ പൊലീസിന്റെ അപേക്ഷ കോടതി പരിഗണിച്ചില്ല. തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടിനല്‍കണമെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. അമ്മ രമ്യയുടെ ആലപ്പുഴയിലെ വീട്ടിലും വൈഗക്ക് അവസാനമായി ഭക്ഷണം വാങ്ങി നല്‍കിയ അരൂരിലെ ഹോട്ടലിലെയും തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്നാണ് ഇത്. നാലു ദിവസം കസ്റ്റഡിയില്‍ ലഭിച്ച സാഹചര്യത്തില്‍ ബാക്കിയുള്ള അനുബന്ധ തെളിവെടുപ്പു പൊലീസ് പൂര്‍ത്തിയാക്കും .ഒപ്പം മറ്റ് സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന് ഇയാളുടെ മറ്റ് ഇടപാടുകള്‍ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കും. അതേസമയം കഴിഞ്ഞ ദിവസം സനുമോഹനെ ഭാര്യയോടൊപ്പം ഇരുത്തി കേരള പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ആദ്യം പറഞ്ഞ കാര്യങ്ങളില്‍ അവര്‍ ഉറച്ചു നിന്നു.

സനുമോഹന്റെ പല കാര്യങ്ങളും തനിക്കറിയില്ലായിരുന്നുവെന്ന് ഭാര്യ രമ്യ മൊഴി നല്‍കി. തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലെ പ്രത്യേകം മുറിയിലായിരുന്നു ചോദ്യംചെയ്യല്‍ നടന്നത്. മകള്‍ക്ക് ഫോണ്‍ വാങ്ങി നല്‍കിയതിനെ ചൊല്ലി ഭാര്യയുമായി തര്‍ക്കമുണ്ടായിരുന്നു എന്ന് സനു മോഹന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. കുടുംബ ചെലവുകള്‍ താങ്ങാന്‍ കഴിയാവുന്നതിന് അപ്പുറമായിരുന്നു എന്നും ഇയാള്‍ നല്കിയ മൊഴിയില്‍ പറയുന്നു. സാമ്പത്തിക ബാധ്യത മൂലം കൂട്ട ആത്മഹത്യയാണ് ആലോചിച്ചത് . എന്നാല്‍ ഭാര്യ സമ്മതിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു. തുടര്‍ന്നാണ് ഭാര്യ രമ്യ ഒഴിവാക്കി മകളുമായി മരിക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പൊലീസിനോട് ആവര്‍ത്തിച്ചിട്ടുണ്ട്.

കൊക്കക്കോളയില്‍ കലര്‍ത്തിയ നല്‍കിയ മദ്യമാണ് വൈഗയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു സനു മോഹന്റെ പദ്ധതി. ഗോവയില്‍ ഉള്‍പ്പെടെ എത്തി ആത്മഹത്യാ ശ്രമം നടത്തിയെന്ന സനു മോഹന്റെ മൊഴിയും കള്ളമാണ്. ഗോവയില്‍ എത്തിയ ശേഷം ചൂതാട്ട കേന്ദ്രങ്ങളിലും മാളുകളിലും തീയറ്ററുകളിലും പ്രതി കറങ്ങി നടക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. സനു മോഹനെ മനോരോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വൈഗ കൊല്ലപ്പെട്ട് ഒരു മാസത്തിനടുത്ത് ഒളിവില്‍ കഴിഞ്ഞ ശേഷമാണ് കര്‍ണാടകയില്‍ നിന്ന് സനു മോഹന്‍ പിടിയിലായത്. മൂകാംബികയില്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു ഇയാള്‍ അറസ്റ്റിലായത്. തുടര്‍ന്ന് വൈഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഉള്‍പ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുത്തിരുന്നു. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നതെന്നും ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് നിഗമനം.