ആത്മഹത്യക്ക് ശ്രമിച്ച ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

നെടുമങ്ങാട് : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തില്‍ സതീശന്‍ നായര്‍ (60) ആണ് ഭാര്യ ഷീജയെ (48) വെട്ടി കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബ വഴക്കാണ് കാരണം. ഇതിനെ തുടര്‍ന്ന് ഇന്നലെ ഷീജ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇന്ന് രാവിലെ 10.30നാണ് കൊലപാതകം നടന്നത്. സതീശന്‍നായും ഷീജയും തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെ വൈകുന്നേരം വഴക്കുകൂടിയ സമയത്ത് ഷീജയുടെ താലിമാല സതീശന്‍ നായര്‍ പൊട്ടിച്ചിരുന്നു.

തുടര്‍ന്ന് വിവരം ഷീജ തന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിന് ശേഷം ഷീജ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ഷീജയുടെ വീട്ടുകാര്‍ സംഭവം നെടുമങ്ങാട് പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി ഇന്ന് രാവിലെ പത്ത് മണിക്ക് സ്റ്റേഷനില്‍ ചെല്ലാന്‍ സതീശന്‍ നായരോട് ആവശ്യപ്പെട്ടു.തുടര്‍ന്ന് ഇന്ന് രാവിലെ ഇരുവരും വീണ്ടും വഴക്കുണ്ടാക്കുകയും സതീശന്‍ നായര്‍ ഷീജയെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തു.