കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍ എന്ന് മുഖ്യമന്ത്രി
കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ പ്രവര്‍ത്തനം അവശ്യ സര്‍വീസുകള്‍ക്കായി മാത്രം പരിമിതപ്പെടുത്തും. അതുപോലെ മെയ് നാലു മുതല്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഹോം ഡെലിവറിക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഡെലിവറി നടത്തുന്നവരില്‍ പരിശോധന നടത്തണം.
റെയില്‍വേ എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് തടസമുണ്ടാകില്ല. ബാങ്കുകള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതല്‍ നടത്താന്‍ ശ്രമിക്കണം. റേഷന്‍ കടകളും സിവില്‍ സപ്ലൈസ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ 50 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താം എന്നത് എല്ലാ ആരാധനാലയങ്ങളുടെയും കാര്യമല്ല. വലിയ സൗകര്യങ്ങള്‍ ഉള്ളിടങ്ങളില്‍ 50 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താവുന്നതാണ്. സൗകര്യങ്ങള്‍ കുറഞ്ഞ സ്ഥലങ്ങളില്‍ എണ്ണം പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി അധിക സമയം ഇല്ല. ആൾക്കൂട്ടങ്ങൾ മാഹാമാരിയെ ശക്തമാക്കും. അതിന് ഇടവരുത്തരുത്ത്. മാസ്ക് ഉപയോഗം കർക്കശമാക്കണം. മുഖ്യമന്ത്രി പറഞ്ഞു. വീടിന് പുറത്ത് എവിടെയും ഡബിൾ മാസ്ക് ധരിക്കണം. സർജിക്കൽ മാസ്കിന് മുകളിൽ തുണി മാസ്ക് ഇടണം. സിനിമാ-സാംസ്കാരിക മേഖലയിലെ പ്രമുഖരും, മതമേലധ്യക്ഷൻമാരും, രാഷ്ട്രീയ പ്രമുഖരും മാധ്യമ പ്രവർത്തകരും മാസ്ക് ധരിക്കണം. മാസ്ക് ധരിക്കുന്നതിൽ അലംഭാവവും അടുത്ത് ഇടപഴലും ഉണ്ടാകരുത്.
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും പ്രവർത്തിക്കണം. വിമർശനങ്ങൾ അനിവാര്യമാണ് പക്ഷേ വാസ്തവ വിരുദ്ധവും അതിശയോക്തികരവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. മുന്നറിയിപ്പും താക്കീതും നൽകിയിട്ടും അനുസരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടിയുണ്ടാകും. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.