ഇന്‍സ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ച യുവാവിനെതിരെ പൊലീസ് കേസ്

ഇന്‍സ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ച യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം ചടയമംഗലം പൊലീസാണ് യുവാവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ‘ലിജോസ് സ്ട്രീറ്റ് റൈഡര്‍ 46’ എന്ന ഇന്‍സ്റ്റാഗ്രാം ഐ.ഡിയിലൂടെ പെണ്‍കുട്ടിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിനാണ് കേസ്. പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാം ലൈവില്‍ വന്നപ്പോള്‍ അധിക്ഷേപ കമന്റുകള്‍ നടത്തിയതായും പിന്നീട് ഇവരുടെ ഇന്‍സ്റ്റാഗ്രാം ഐ.ഡിയിലേക്ക് സഭ്യമല്ലാത്ത ശബ്ദസന്ദേശങ്ങള്‍ അയച്ചതായും പരാതിയുണ്ട്. രണ്ട് ദിവസം മുമ്പ് നടന്ന സംഭവം വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

യുവാവിനെതിരായ പെണ്‍കുട്ടിയുടെ വീഡിയോ പരാതി സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരവധി പേര്‍ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസിനെതിരെ യുവാവ് ഇന്‍സ്റ്റാഗ്രാം ലൈവില്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത ആളാണ് യുവാവ് എന്ന് അറിയുന്നു. പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാം വഴി ലൈവില്‍ വരുന്നത് ഇഷ്ടമില്ലാത്തതാണു കുട്ടിയ്ക്ക് എതിരെ ഇയാള്‍ മോശം കമന്റുകള്‍ ഇടാന്‍ കാരണമായത് എന്നും പറയപ്പെടുന്നു.