കൊവിഡ് പ്രതിസന്ധി ; സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ

രാജ്യത്തു തുടരുന്ന കൊവിഡ് പ്രതിസന്ധിയില്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ. ഇന്ന് രാത്രി ഉത്തരവ് തയാറാക്കി നാളെ രാവിലെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തില്‍ ഇന്നും നിശിതമായ ചോദ്യങ്ങള്‍ സുപ്രിംകോടതിയില്‍ നിന്നുണ്ടായി. എല്ലാ പൗരന്മാര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. എന്തുകൊണ്ട് രണ്ടുതരം വിലയെന്ന് കോടതി ഇന്നും ആവര്‍ത്തിച്ചു ചോദിച്ചു. ഓക്സിജന്‍ ക്ഷാമം അടക്കം പരാതികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി ഉന്നയിക്കുന്നവര്‍ക്കെതിരെ കേസെടുത്താല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. ആവശ്യമില്ലാത്ത പരാമര്‍ശങ്ങള്‍ ഹൈക്കോടതിയില്‍ നിന്ന് ഉണ്ടാകുന്നത് അഭികാമ്യമല്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. അതേസമയം, രാജ്യത്ത് വാക്സിന്‍ ക്ഷാമമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

വാക്സിന്റെ വിതരണവും വിലനര്‍ണയവും കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ നിര്‍മ്മാതക്കള്‍ക്ക് വിട്ടു നല്‍കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വാക്സിനുകള്‍ വാങ്ങുന്നത് കേന്ദ്ര സര്‍ക്കാരിനു വേണ്ടിയാണെങ്കിലും സംസ്ഥാന സര്‍ക്കാരിനു വേണ്ടിയാണെങ്കിലും അത് പൗരന്മാര്‍ക്ക് വേണ്ടിയുള്ളതാണ്. എന്തുകൊണ്ടാണ് വാക്സിന്‍ മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങാത്തതെന്ന് കോടതി ചോദ്യം ഉന്നയിച്ചു. നിര്‍മ്മാതക്കള്‍ക്ക് നല്‍കിയ പണം പൊതു ഫണ്ടുപയോഗിച്ചാണ്. ഈ സാഹചര്യത്തില്‍ വാക്സിന്‍ പൊതു ഉത്പന്നമാണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം കോവിഡ് വാക്സിനേഷനായി നിരക്ഷരര്‍ എങ്ങനെ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് കോടതി ആരാഞ്ഞു. വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ 50 ശതമാനം ക്വാട്ട സംസ്ഥാനങ്ങള്‍ക്ക് നല്‍കി. ഇത് സംസ്ഥാനത്തിന് എത്രമാത്രം ലഭിക്കണമെന്ന് നിര്‍മ്മാതക്കള്‍ക്ക് തീരുമാനിക്കാവുന്ന സ്ഥിതിയിലേക്ക് എത്തിച്ചെന്ന് കോടതി പറഞ്ഞു.

അതേസമയം ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 3,86,452. ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 3498 പേരാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,87,62,976 ആയി. മരണ സംഖ്യ 2,08,330. ആക്ടീവ് കേസുകളുടെ എണ്ണം 31,70,228 ആണ്. 1,53,84,418 ഇതുവരെ രോഗമുക്തരായി. 15,22,45,179 പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചു. ഇന്ത്യയില്‍ കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്നലെയാണ്.