സംസ്ഥാനത്ത് വോട്ടെണ്ണല്‍ ദിനത്തില്‍ സുരക്ഷയൊരുക്കാന്‍ വന്‍ പൊലീസ് സന്നാഹം

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനവുമായി ബന്ധപ്പെട്ടുള്ള പൊലീസ് സുരക്ഷാസംവിധാനം പൂര്‍ത്തിയായി. കേന്ദ്രസേന ഉള്‍പ്പെടെ 30,281 പൊലീസുകാര്‍ വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്താകെ സുരക്ഷയൊരുക്കും. രാഷ്ട്രീയ, സാമുദായിക സംഘര്‍ഷം ഉണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ മുന്‍കരുതല്‍ അറസ്റ്റുകള്‍ നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി.

കൊവിഡ് പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്‍പില്‍ ജനക്കൂട്ടം ഒഴിവാക്കാന്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. നാളെയും മറ്റന്നാളും സംസ്ഥാന അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനയ്ക്കും നിര്‍ദേശമുണ്ട്. നാളെ മുതല്‍ പ്രത്യേക വാഹന പരിശോധനയും നടത്തും. മുന്നണികള്‍ എല്ലാം കനത്ത പ്രതീക്ഷയില്‍ ആണ്. അതേസമയം എക്‌സിറ്റ് പോളുകള്‍ തുടര്‍ഭരണം പ്രവചിച്ചത് ഇടത് പക്ഷ പ്രവര്‍ത്തകര്‍ക്ക് ശുഭാപ്തി വിശ്വാസം നല്‍കി കഴിഞ്ഞു.