ആശുപത്രിയില്‍ തീപിടിത്തം ; 18 കോവിഡ് രോഗികള്‍ വെന്തു മരിച്ചു
ഗുജറാത്തിലാണ് സംഭവം ഇവിടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 18 കോവിഡ് രോഗികള്‍ ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഭറൂച്ചിലുള്ള ആശുപത്രിയിലാണ് അപകടം നടന്നത്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 50 ഓളം രോഗികളെ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗികളാണ് പൊള്ളലേറ്റും പുകശ്വസിച്ചും മരിച്ചതെന്ന് ഭറൂച്ച് പൊലീസ് സൂപ്രണ്ട് രാജേന്ദ്രസിങ് ചുദാസാമ പറഞ്ഞു. മരണസംഖ്യ കൂടിയേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. നാലു നിലകളിലായുള്ള കോവിഡ് ആശുപത്രി ഭറൂച്ച്- ജംബുസാര്‍ ദേശീയ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു ട്രസ്റ്റിന് കീഴിലാണ് ഇതിന്റെ പ്രവര്‍ത്തനം. പുലര്‍ച്ച ഒരു മണിയോടെ താഴത്തെ നിലയിലെ കോവിഡ് വാര്‍ഡിലാണ് തീപിടിത്തമുണ്ടായതെന്നാണ് അഗ്‌നിശമന സേന അറിയിച്ചത്.
ഒരു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കാനായെങ്കിലും 18 ഓളം പേര്‍ അപ്പോഴേക്കും മരിച്ചിരുന്നു. രക്ഷപ്പെടുത്തിയ 50 ഓളം രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ” രാവിലെ 6.30വരെയുള്ള വിവരം അനുസരിച്ച് ഇതുവരെ 18 പേരാണ് മരിച്ചത്. തീപിടിത്തമുണ്ടായതിന് പിന്നാലെ 12 മരണങ്ങള്‍ സ്ഥിരീകരിച്ചിരുന്നു”- പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അഹമ്മദാബാദില്‍ നിന്ന് 190 കിലോ മീറ്റര്‍ അകലെ ഭറൂച്ച്- ജംബുസാര്‍ പാതയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമാകേണ്ടതുണ്ട്.