കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ
രാഷ്ട്രീയപ്പാര്‍ട്ടികളുടെ കാത്തിരിപ്പുകള്‍ക്ക് നാളെ അവസാനം. കേരളത്തിനു പുറമെ നാളെ നാലിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കൂടിയാണ് പുറത്തുവരിക. കേരളം ,പശ്ചിമബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയാണ് മിക്ക എക്‌സിറ്റ് പോള്‍ സര്‍വെകളും പ്രവചിക്കുന്നത്. തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡി.എം.കെ സഖ്യം അധികാരത്തിലേറുമെന്നാണ് സര്‍വേ ഫലങ്ങള്‍.
പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ എന്തു സംഭവിച്ചു എന്നത് ദേശീയ രാഷ്ട്രീയത്തിലെ തന്നെ നിര്‍ണായക വിധിയാകും. റിപബ്ലിക് ടിവി-സിഎന്‍എക്‌സ് ഒഴികെയുള്ള എക്‌സിറ്റ് പോള്‍ സര്‍വെകളെല്ലാംതൃണമൂല്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു. 152 സീറ്റ് മുതല്‍ 176 സീറ്റ് വരെ സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടുമെന്നാണ് വിവിധ സര്‍വേകള്‍ പ്രവചിക്കുന്നത്. ബംഗാളില്‍ കേവല ഭൂരിപക്ഷം ലഭിക്കാന്‍ 147 സീറ്റുകളെങ്കിലും നേടണം.
തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡി.എം. കെ സഖ്യം അധികാരത്തിലേറുമെന്നാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്. 175 മുതല്‍ 195 വരെ സീറ്റുകള്‍ ഡിഎംകെക്ക് ലഭിച്ചേക്കാം.എ ഐഡിഎംകെ സഖ്യത്തിന് 38 മുതല്‍ 54 വരെ സീറ്റുകള്‍ ലഭിക്കും. ടിടിവി ദിനകരന്റെ എഎംഎം കെ ഒന്നുമുതല്‍ ഏഴു സീറ്റുകള്‍ വരെ നേടും. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പരമാവധി രണ്ട് സീറ്റുകള്‍ നേടുമെന്നും സര്‍വേകള്‍ പ്രവചിച്ചിരുന്നു. അസമിലെ തെരഞ്ഞെടുപ്പ് വിധിയും ഏറെ നിര്‍ണാകമാണ്.
അസമില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും തുല്യ സാധ്യതയാണ് എക്‌സിറ്റ് പോള്‍ സ4വെകള്‍ പ്രവചിക്കുച്ചത്. പുതുച്ചേരിയില്‍ നേരിയ ഭൂരിപക്ഷത്തിന് എന്‍.ഡി.എ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഏതായാലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി ഏതെങ്കിലും സംസ്ഥാനത്ത് ഉണ്ടായാല്‍ ഗവര്‍ണര്‍ ശ്രദ്ധാകേന്ദ്രമാകും. രാഷ്ട്രീയ കുതിരക്കച്ചവടത്തിനും. അതേസമയം കേരളത്തില്‍ തുടര്‍ ഭരണമാണ് സര്‍വേകള്‍ പ്രവചിക്കുന്നത്.