രാജ്യാന്തര ബോഡി ബില്‍ഡിങ് താരം കൊവിഡ് ബാധിച്ച് മരിച്ചു

പ്രമുഖ രാജ്യാന്തര ബോഡി ബില്‍ഡര്‍ ജഗദീഷ് ലാഡ് മരിച്ചു. 34 വയസ്സായിരുന്നു പ്രായം. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. നാല് ദിവസങ്ങളായി ഓക്സിജന്റെ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തി വരികയായിരുന്നു. നിരവധി രാജ്യാന്തര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട് ജഗദീഷ്. ഭാരത് ശ്രീ വിജയിയായിട്ടുണ്ട്. മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ സ്വര്‍ണ മെഡലും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും നേടി. ബറോഡയിലെ ഒരു സ്വകാര്യ ജിമ്മില്‍ ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. താരത്തിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ നിരവധിപ്പേര്‍ അനുശോചനം രേഖപ്പെടുത്തി.

ജോലി ആവശ്യത്തിനായി നവി മുംബൈയില്‍ നിന്നും എത്തിയതായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ ജഗദീഷ് ഒട്ടേറെ രാജ്യാന്തര വേദികളിലും ആഭ്യന്തര വേദികളിലും ജേതാവായിട്ടുണ്ട്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം കഴിയുകയായിരുന്നു ജഗദീഷ്. ഒരു പ്രാദേശിയ ജിം നോക്കി നടത്തുന്നതിനായി ബറോഡയിലെത്തിയപ്പോഴാണ് രോഗബാധിതനാകുന്നത്. സെന്‍ട്രല്‍ റെയില്‍വേയുടെ ബോഡി ബില്‍ഡറായ മനോജ് ലഖനും അടുത്തിടെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. അദ്ദേഹവും മഹാരാഷ്ട്രയില്‍നിന്നുള്ള താരമാണ്.