സ്പുട്നിക് വാക്സിന്‍ ഇന്ത്യയിലെത്തി ; ആദ്യഘട്ടത്തില്‍ എത്തിയത് 1,50,000 ഡോസ്

റഷ്യയുടെ സ്പുട്നിക് വാക്സീന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. 1,50,000 ഡോസ് ആണ് ആദ്യഘട്ടത്തില്‍ എത്തിച്ചത്. മൂന്നാം ഘട്ട വാക്സിനേഷനില്‍ റഷ്യന്‍ വാക്സീനും ഇന്ത്യ ഉള്‍പ്പെടുത്തിയേക്കും. അടിയന്തര ഉപയോഗത്തിനു ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ കഴിഞ്ഞ മാസം ഡോ. റെഡ്ഡീസ് ലബോറട്ടറീസിനു സ്പുട്നിക് വാക്സീന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. വില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായാല്‍ 15നു മുന്‍പ് വാക്സീന്‍ കുത്തിവയ്പു തുടങ്ങുമെന്നാണു ഡോ. റെഡ്ഡീസ് നല്‍കുന്ന വിവരം. 2 ലക്ഷം ഡോസ് വരും ദിവസങ്ങളില്‍ ഇന്ത്യയിലെത്തിക്കുമെന്നു റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ബാലവെങ്കടേഷ് വര്‍മ അറിയിച്ചു.

ജൂണിനകം 50 ലക്ഷം ഡോസ് ലഭിക്കും. വാക്സീന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാനും സൗകര്യമൊരുക്കും. ലോകത്ത് ഉല്‍പാദിപ്പിക്കുന്ന സ്പുട്നിക് വാക്സീന്റെ 70 ശതമാനത്തോളം ഇന്ത്യന്‍ കമ്പനികളില്‍ ഉല്‍പാദിപ്പിക്കാന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സാധിക്കുമെന്നാണു പ്രതീക്ഷ. ഇന്ത്യയിലെ വാക്സിനേഷന്‍ യജ്ഞം പൂര്‍ത്തിയായാല്‍, വിദേശ രാജ്യങ്ങളിലേക്കു വാക്സീന്‍ കയറ്റിയയ്ക്കും. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവി ഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നീ വാക്സീനുകളാണു നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്നത്. അതേസമയം രാജ്യത്തു വാക്‌സിന്റെ ക്ഷാമം രൂക്ഷമാവുകയാണ്. 18 വയസിനു മുകളില്‍ ഉള്ളവര്‍ക്ക് നല്‍കുവാന്‍ വാക്‌സിന്‍ ഇല്ലാത്ത അവസ്ഥയിലാണ് പല സംസ്ഥാനങ്ങളും.