ഭരണ തുടര്‍ച്ചകള്‍ ; ഭരണവിരുദ്ധ വികാരത്തിനിതെന്തു പറ്റി?

നിയമസഭാ ഇലക്ഷന്‍ നടന്ന അഞ്ചിടങ്ങളില്‍ മൂന്നിലും ഭരണ തുടര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. അതില്‍ തന്നെ ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഇടതു പക്ഷം ഭരണത്തുടര്‍ച്ച നേടി. അഞ്ച് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും ഭരണമുന്നണിയെ തന്നെയാണ് ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുത്തിരിക്കുന്നത്. അതും കഴിഞ്ഞ തവണത്തെക്കാളും മികച്ച ഭൂരിപക്ഷത്തിന്. കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മുന്നണി 99 സീറ്റുകളുമായി ഞെട്ടിപ്പിക്കുന്ന വിജയം സ്വന്തമാക്കിയപ്പോള്‍ ബംഗാളില്‍ 213ന്റെ മൃഗീയ ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചിരിക്കുന്നത്. അസമില്‍ സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിക്ക് ജനം ഒരിക്കല്‍കൂടി അവസരം നല്‍കിയിരിക്കുന്നു.

മുന്നണികള്‍ക്ക് മാറിമാറി അവസരം നല്‍കുന്ന ശീലമാണ് മലയാളികള്‍ക്കുള്ളത്. എന്നാല്‍ ഇത്തവണ ശീലം തെറ്റിച്ചിരിക്കുകയാണ് മലയാളി. ഭരണവിരുദ്ധ വികാരത്തിന്റെ ഒരു തരത്തിലുമുള്ള സൂചനകളുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല, രണ്ടു പ്രളയക്കാലത്തും കോവിഡ്, നിപ മഹാമാരികളുടെ കാലത്തും സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെ അംഗീകരിക്കുന്ന തരത്തിലാണ് ജനവിധി. ബംഗാളില്‍ എല്ലാവിധ സന്നാഹങ്ങളും വര്‍ഗീയ പ്രചാരണങ്ങളുമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും വളരെ മുന്‍പ് ബിജെപി സജീവമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും അടക്കമുള്ള ദേശീയ നേതാക്കളുടെ വന്‍നിര ക്യാംപ് ചെയ്തു പ്രവര്‍ത്തിച്ചിട്ടും മമതയ്ക്ക് അല്‍പം പോലും പോറലേല്‍പ്പിക്കാന്‍ ബിജെപിക്കായില്ല.

കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും സീറ്റുകള്‍ പിടിച്ചെടുക്കാന്‍ മാത്രമാണ് അവര്‍ക്കായത്. മമത കാരണമാണ് തൃണമൂല്‍ ജയിച്ചതെന്നാണ് ബംഗാളില്‍നിന്നുള്ള ബിജെപി ദേശീയ സെക്രട്ടറി കൈലാഷ് വിജയവാര്‍ഗിയ തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കവെ പറഞ്ഞത്. ജനങ്ങള്‍ ദീദിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും പാര്‍ട്ടിക്ക് എവിടെയാണ് പിഴച്ചതെന്ന് പുനര്‍വിചിന്തനം നടത്തുമെന്നും അദ്ദേഹം സമ്മതിക്കുകയുണ്ടായി. അസമില്‍ ഭരണകക്ഷിയായ എന്‍ഡിഎ ആദ്യമൊക്കെ വന്‍ ആത്മവിശ്വാസത്തിലായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അല്‍പം പ്രതിരോധത്തിലായിരുന്നു. ലോവര്‍ അസമില്‍ വന്‍ സ്വാധീനമുള്ള ബദ്റുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫുമായും ബോഡോലാന്‍ഡ് പീപ്പിള്‍സ് പാര്‍ട്ടിയുമായും ചേര്‍ന്ന് കോണ്‍ഗ്രസ് രൂപീകരിച്ച മഹാസഖ്യം വെല്ലുവിളിയാകുമെന്നായിരുന്നു ബിജെപി തന്നെ കരുതിയിരുന്നത്. എന്നാല്‍, ഫലം വന്നപ്പോള്‍ കാര്യമായി പരിക്കുകളൊന്നുമില്ലാതെ എന്‍ഡിഎ മുന്നണി വീണ്ടും അധികാരം പിടിക്കുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ തവണത്തെക്കാള്‍ രണ്ടോ മൂന്നോ സീറ്റിന്റെ കുറവ് മാത്രമാണ് എന്‍ഡിഎ മുന്നണിക്ക് ഇതുവരെയുള്ള കണക്കുപ്രകാരം ഉണ്ടായിട്ടുള്ളത്.