തോല്‍വിയിലും സന്തോഷിച്ചു ഫിറോസ് കുന്നംപറമ്പില്‍

തോല്‍വിയിലും തവനൂരിലെ പ്രിയപ്പെട്ടവരുടെ സ്‌നേഹത്തിനും ചേര്‍ത്ത് പിടിക്കലിനും നന്ദിയറിയിച്ച് യു ഡി എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍. സംസ്ഥാനത്ത് എല്‍.ഡി.എഫ് തംരംഗം ആഞ്ഞ് വീശിയിട്ടും 17000 ല്‍ കൂടുതല്‍ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തുച്ഛമായ ലീഡിനാണ് പിടിച്ച് കെട്ടിയതെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു . തവനൂരിലെ എന്റെ പ്രിയപ്പെട്ടവരെ നിങ്ങളുടെ സ്‌നേഹത്തിനും,ചേര്‍ത്ത് പിടിക്കലിനും ഒരായിരം നന്ദി. LDF തരംഗം ആഞ്ഞു വീശിയിട്ടും 17000 ല്‍ കൂടുതല്‍ വോട്ടിന് ഈസിയായി ജയിച്ച് പോയിരുന്ന LDF സ്ഥാനാര്‍ത്ഥിയെ ഈ തുച്ഛമായ ലീഡിന് പിടിച്ച് കെട്ടിയ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഇതൊരു തോല്‍വിയല്ല വിജയത്തിന്റെ തുടക്കമാണ് നമ്മള്‍ ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യും ഫിറോസ് പറയുന്നു.

കേരളം ഉറ്റുനോക്കിയ തവനൂരിലെ നിയമസഭാ പോരില്‍ മുന്‍ മന്ത്രി കെ.ടി ജലീലാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഫിറോസ് കുന്നംപറമ്പിലിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ജലീല്‍ കീഴടക്കിയത്. 2564 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജലീലിന്റെ വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മണ്ഡലത്തില്‍ ഫിറോസിനായിരുന്നു മേധാവിത്വം. 2011ല്‍ തവനൂര്‍ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും ജലീല്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചിട്ടുണ്ട്. 2011-ല്‍ 6854 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ജലീലിന്. 2016-ല്‍ അത് 17064 ആയി ഉയര്‍ന്നു. എന്‍.ഡി.എയ്ക്കുവേണ്ടി രമേശ് കോട്ടയപ്പുറത്താണ് മത്സരരംഗത്തുണ്ടായിരുന്നത്. പ്രചാരണത്തില്‍ കനത്ത വെല്ലുവിളിയാണ് ജലീല്‍ നേരിട്ടത്. നിയമന വിവാദത്തില്‍ ലോകായുക്ത വിധിയെ തുടര്‍ന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വരികയും ചെയ്തിരുന്നു. എന്നിരുന്നാലും വിജയത്തിലൂടെ തന്റെ ഇമേജ് നിലനിര്‍ത്താന്‍ ജലീലിന് കഴിഞ്ഞു.