കാപ്പന്റെ പ്രതികാരം ; ജോസ് കെ മാണിക്ക് തിരിച്ചടി
നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പോരാട്ടം നടന്ന പാലായില്‍ ജോസ് കെ മണിക്കെതിരെ മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു. കേരള കോണ്‍ഗ്രസ് ഇടതിനോട് ചേര്‍ന്ന് നിന്നുകൊണ്ട് മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ ജോസ് കെ മാണി ഒരിക്കല്‍ പോലും ചിന്തിച്ചുകാണില്ല ഇങ്ങനൊരു തിരിച്ചടി. എന്തായാലും ഇതുവരെയുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാണി സി കാപ്പന്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ശക്തമായ മുന്നേറുകയാണ്. പോസ്റ്റല്‍ ബാലറ്റിലും ഒന്നാം റൗണ്ടിലെ വോട്ടെണ്ണലിലും മാത്രമാണ് ജോസ് കെ മാണി ലീഡ് നേടിയത്.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ്.കെ മാണി നേരിട്ട അതേ തിരിച്ചടി ഇത്തവണയും പിന്തുടരുകയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കേരള കോണ്‍ഗ്രസിന്റെ അമരക്കാരനായിരുന്ന കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് 2019ല്‍ പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. അന്ന് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന മാണി.സി കാപ്പന്‍ യുഡിഎഫിലായിരുന്ന ജോസ്.കെ മാണിയുടെ നേതൃത്വത്തിലുളള കേരളകോണ്‍ഗ്രസിന്റെ ജോസ് ടോമിനെ 2247 വോട്ടിന് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.
പാലായിലേത് പണാധിപത്യത്തിന് എതിരായ ജനാധിപത്യത്തിന്റെ വിജയമെന്ന് മാണി സി കാപ്പന്‍ പറയുന്നു. പാലായില്‍ വിജയം ഉറപ്പാക്കി മുന്നേറുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കാപ്പന്‍. ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 11,246 വോട്ടുകള്‍ക്ക് മുന്നിലാണ് മാണി സി കാപ്പന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വരും മുന്‍പ് തന്നെ യുഡിഎഫ് പാളയത്തിലേക്ക് ചേക്കേറിയ മാണി സി കാപ്പനും യുഡിഎഫ് അപമാനിച്ചുവെന്ന് പറഞ്ഞ് ഇടത്തോട്ട് ചാഞ്ഞ ജോസ് കെ മാണിയും നേര്‍ക്കുനേര്‍ നടത്തിയ പോരാട്ടത്തില്‍ വലിയ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പന്‍ വിജയക്കൊടി പാറിക്കാന്‍ ഒരുങ്ങുന്നത്.