ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു

കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണ പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായിരുന്നു ഇദ്ദേഹം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കൊട്ടാരക്കര വിജയാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഇന്നലെ വൈകിട്ടോടെ മോശമായി. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. രാവിലെ 9 മണി വരെ കൊട്ടാരക്കരയില്‍ പൊതുദര്‍ശനം. അതിനു ശേഷം വാളകത്തെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്കുശേഷം സംസ്‌കാരം നടക്കും.

നടനും എംഎല്‍എയുമായ ബി. ഗണേഷ് കുമാറാണ് മകന്‍. പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഗണേഷ് കുമാറിനു വേണ്ടി പ്രചാരണരംഗത്തിറങ്ങിയ ബാലകൃഷ്ണപിള്ളയായിരുന്നു. പരേതയായ ആര്‍. വത്സലയാണ് ഭാര്യ. ഉഷ മോഹന്‍ദാസ്, ബിന്ദു ബാലകൃഷ്ണന്‍ എന്നിവര്‍ പെണ്‍മക്കളാണ്. മരുമക്കള്‍: കെ.മോഹന്‍ദാസ് (മുന്‍ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി), ബിന്ദു ഗണേഷ് ( ദുബായ്), ടി.ബാലകൃഷ്ണന്‍ ( മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി). 1934 ആഗസ്റ്റ് 25 ന് കീഴൂട്ട് രാമന്‍ പിള്ള, കാര്‍ത്ത്യായനിയമ്മ ദമ്പതികളുടെ മകനായി കൊട്ടാരക്കരയിലായിരുന്നു ജനനം. വിദ്യാര്‍ത്ഥിയായിരിക്കെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയപ്രവര്‍ത്തകനായി മാറുന്നത്.

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളാണ് ആര്‍ ബാലകൃഷ്ണ പിള്ള. തൊണ്ണൂറുകള്‍ വരെ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഏറ്റവും സ്വാധീനമുള്ള നേതാവായിരുന്നു. നിരവധി തവണ മന്ത്രിയുമായി. ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. 1982-87 കാലത്തെ കരുണാകരന്‍ മന്ത്രിസഭയില്‍ നിന്ന് ‘പഞ്ചാബ് മോഡല്‍ ‘ എന്ന വിവാദ പ്രസംഗത്തിന്റെ പേരില്‍ രാജിവെക്കേണ്ടി വന്നു. 1985 ല്‍ വൈദ്യുതി മന്ത്രിയായിരിക്കേ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന കേരളാകോണ്‍ഗ്രസ് സമരപ്രഖ്യാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്.

പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് കൊണ്ടുപോയതിനെ പറ്റിയായിരുന്നു പരാമര്‍ശം. പഞ്ചാബിനെ പ്രീതിപ്പെടുത്താന്‍ രാജീവ് ഗാന്ധിയുടെ നീക്കമാണെന്നായിരുന്നു ആരോപണം. കേരളത്തോടുള്ള അവഗണന തുടര്‍ന്നാല്‍ കേരളത്തിലെ ജനങ്ങളും പഞ്ചാബിലെ ജനങ്ങളെ പോലെ സമരത്തിന് നിര്‍ബന്ധിതരാകുമെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികനുമാണ് ഇദ്ദേഹം. ഇടമലയാര്‍ അഴിമതി കേസില്‍ സുപ്രീംകോടതി ഒരു വര്‍ഷം തടവു ശിക്ഷക്ക് വിധിച്ചിരുന്നു. അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയുമാണ് ആര്‍. ബാലകൃഷ്ണപ്പിള്ള. ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് കേരളപ്പിറവിയോടനുബന്ധിച്ച് മറ്റ് 138 തടവുകാര്‍ക്കൊപ്പം രോഗാവസ്ഥ പരിഗണിച്ച് ശിക്ഷായിളവ് നല്‍കി അദ്ദേഹത്തെ വിട്ടയച്ചു. 1980ല്‍ ഇടതുമുന്നണിയുടെ ഭാഗമായി ജനവിധി തേടിയ അദ്ദേഹത്തിന് കിട്ടിയ 37,000 വോട്ടിന്റെ ഭൂരിപക്ഷം നിയമസഭയിലെ ചരിത്രം കുറിച്ച റെക്കോര്‍ഡായി കുറെ കാലം നിലനിന്നു. ഇ കെ നായനാരുടെ ആദ്യമന്ത്രിസഭയില്‍ പിള്ളയുമുണ്ടായിരുന്നു. 1982 ലാണ് വീണ്ടും യുഡിഎഫിലെത്തിയത്. 2018 ല്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്(ബി) വീണ്ടും എല്‍ഡിഎഫിലെത്തി.