ഹൈദരാബാദ് മൃഗശാലയില്‍ സിംഹങ്ങള്‍ക്ക് കോവിഡ്

രാജ്യത്തു ആദ്യമായി മൃഗങ്ങളിലും കോവിഡ് ബാധ സ്ഥിരീകരിച്ചു. ഹൈദരാബാദ് നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ ഏഷ്യാറ്റിക്ക് സിംഹങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എട്ട് സിംഹങ്ങള്‍ക്കാണ് കോവിഡ് വൈറസ് സ്ഥിരീകരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിംഹങ്ങളെ മയക്കി സാംപിള്‍ ശേഖരിക്കുകയായിരുന്നു. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സിംഹങ്ങള്‍ ചികില്‍സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന് മൃഗശാല ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതെ സമയം സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളികുലാര്‍ ബയോളജി മൃഗങ്ങളുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ സാമ്പിളുകളില്‍ ഉറച്ച സ്ഥിരീകരണമുണ്ടാകുമെന്ന് സി.സി.എം.ബി അധികൃതര്‍ അറിയിച്ചു. മനുഷ്യരില്‍ നിന്നാണോ രോഗം പടര്‍ന്നതെന്ന് വിദഗ്ധ പരിശോധനയില്‍ മനസ്സിലാകുമെന്നാണ് വിലയിരുത്തുന്നത്. ആന്തരിക അവയവങ്ങള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോയെന്നറിയാന്‍ സി.ടി സ്‌കാന്‍ പരിശോധനയും നടത്തും.

ഏപ്രില്‍ 24 മുതല്‍ സിംഹങ്ങള്‍ ചുമയും ജലദോഷവും അടക്കമുള്ള കോവിഡ് ലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നു. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് നെഹ്റു സുവോളജിക്കല്‍ പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ന്യൂയോര്‍ക്കിലെ ഒരു മൃഗശാലയില്‍ എട്ട് കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോങ്കോങ്ങില്‍ പൂച്ചകളിലും വളര്‍ത്തുനായ്ക്കളിലും കോവിഡ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യയില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കേസ് ആണിത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ന്യൂയോര്‍ക്കിലെ ഒരു മൃഗശാലയില്‍ എട്ട് കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോങ്കോങ്ങിലും മൃഗങ്ങളില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പൂച്ചകളിലും വളര്‍ത്തുനായ്ക്കളിലുമാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നത്. 380 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന നെഹ്റു സുവോളജിക്കല്‍ പാര്‍ക്കില്‍ ഏകദേശം 1500-ഓളം മൃഗങ്ങളാണ് വസിക്കുന്നത്.