കങ്കണയുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്ത് ട്വിറ്റര്‍ ; കയ്യടിച്ചു സോഷ്യല്‍ മീഡിയ

ബോളിവുഡ് നടി കങ്കണ റണൗട്ടിന്റ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തു. ട്വിറ്ററിന്റ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് നടപടി. തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ ഉണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് കങ്കണ പ്രകോപനപരമായി ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യാന്‍ കാരണമായത്. ബംഗാളില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടിരുന്നു. വിദ്വേഷകരവും മറ്റുള്ളവരുടെ ജീവന് ഹാനി ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കങ്കണയുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതെന്ന് ട്വിറ്റര്‍ വക്താവ് പ്രതികരിച്ചു.

നേരത്തെ ‘താണ്ഡവ്’ വെബ് സീരിസിന് എതിരായ വിദ്വേഷ പരാമര്‍ശത്തിന്റെ പേരിലും കങ്കണക്കെതിരെ ട്വിറ്റര്‍ നടപടി എടുത്തിരുന്നു. നിരവധി ബിജെപി അനുകൂല ട്വീറ്റുകളും കങ്കണ ചെയ്യാറുണ്ട്. കര്‍ഷക പ്രക്ഷോഭത്തിന് എതിരെയും താരം രംഗത്തെത്തിയിരുന്നു. ശ്രീദേവിക്ക് ശേഷം ബോളിവുഡില്‍ കോമഡി കൈകാര്യം ഒരേഒരു നടി താനാണെന്നും കങ്കണ നേരത്തെ പറഞ്ഞിരുന്നു. അതേസമയം നടപടിയെ കയ്യടിച്ചാണ് സോഷ്യല്‍ മീഡിയ സ്വാഗതം ചെയ്തത്. നേരത്തെ ആകാമെന്നായിരുന്നു പലരുടെയും കമന്റ്. കൂടാതെ സിനിമ-സാംസ്‌കാരിക മേഖലയിലെ നിരവധി പേരും സമാനമായ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍.