കേരളത്തില്‍ മിനി ലോക്ഡൗണ്‍ നീട്ടുവാന്‍ സാദ്യത

സംസ്ഥാനത്തെ മിനി ലോക്ഡൗണ്‍ നീട്ടിയേക്കും. നിലവില്‍ മെയ് ഒമ്പതു വരെയുള്ള നിയന്ത്രണങ്ങള്‍ 16 വരെ നീട്ടാനാണ് ആലോചന. ഇന്നു ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്. 15ാം തീയതിവരെ രോഗവ്യാപനം തീവ്രമായി തുടരുമെന്നാണ് ആരോഗ്യ വിദഗ്ദരും വിദഗ്ദ സമിതിയും അഭിപ്രായപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടാനുള്ള ആലോചന സി.പി.എമ്മിന്റെ നേതൃതലത്തില്‍ നടന്നത്.

ഞായറാഴ്ച വരെ രോഗതീവ്രത കുറയുന്നില്ലെങ്കില്‍ ഒരാഴ്ചത്തേക്ക് സംസ്ഥാനം സമ്പൂര്‍ണമായി അടച്ചിടുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. രോഗതീവ്രത കുറയുന്നുണ്ടെങ്കില്‍ നിയന്ത്രണങ്ങള്‍ തുടരും. ഇതിനു പിന്നാലെയായിരിക്കും പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയടക്കം നടക്കുക. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കും. ഹോട്ടല്‍, റസ്റ്റോറന്റുകളില്‍ നിന്ന് പാഴ്‌സല്‍ മാത്രം നല്‍കും. സുഗമമായ ചരക്കു നീക്കം ഉറപ്പാക്കും. പൊതുഗതാഗതത്തിന് തടസ്സമില്ല. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ പാടുള്ളു. കുടംബമാണെങ്കില്‍ രണ്ടുപേരാകാം. പക്ഷേ ഇരട്ട മാസ്‌ക് വേണം. ബാങ്കുകള്‍ കഴിയുന്നതും ഓണ്‍ലൈന്‍ ഇടപാട് നടത്തണം. ഉച്ചയ്ക്ക് ഒരു മണി വരെ മാത്രം പ്രവര്‍ത്തിക്കും. ആള്‍ക്കൂട്ടം അനുവദിക്കില്ല.

കല്യാണത്തിന് പരമാവധി 50 പേരെയും മരണ ചടങ്ങുകള്‍ക്ക് 20 പേരെയും മാത്രം അനുവദിക്കും. ആരാധനാലയങ്ങളില്‍ പരമാവധി 50 പേരെ പ്രവേശിപ്പിക്കാം. സിനിമ, സീരിയില്‍ ചിത്രീകരണം അനുവദിക്കില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ നിയന്ത്രണ ഉത്തരവില്‍ നിര്‍ദ്ദശിക്കുന്നു. വാക്‌സിന്‍ ക്ഷാമം നിലനില്‍ക്കുന്നതിനാല്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രഖ്യാപിച്ചരുന്ന വാക്‌സിനേഷന്‍ സംസ്ഥാനത്തുണ്ടാകില്ല.