ഇലക്ഷന്‍ കഴിഞ്ഞു ; റിസള്‍ട്ട് വന്നു ; പതിനെട്ട് ദിവസത്തിനുശേഷം പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു

അങ്ങനെ ഇലക്ഷന്‍ കഴിഞ്ഞു നീണ്ട 18 ദിവസത്തിനുശേഷം പെട്രോള്‍, ഡീസല്‍ വില വര്‍ധനയും തുടങ്ങി. പെട്രോളിന് 15 പൈസയും ഡീസലിന് 18 പൈസയുമാണ് എണ്ണ കമ്പനികള്‍ ഇന്ന് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ ഒരു ലിറ്റല്‍ പെട്രോളിന്റെ വില 90.40 രൂപയില്‍ നിന്ന് 90.55 രൂപയായി. ഡീസല്‍ വില 80.91 രൂപയാണ്. മെട്രോ നഗരങ്ങളില്‍ മുംബൈയിലാണ് ഇന്ധന വില ഉയര്‍ന്നുനില്‍ക്കുന്നത്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96.95 രൂപയാണ്. വിവിധ നഗരങ്ങളില്‍ പെട്രോളിന് 12-15പൈസ വരെയും ഡീസലിന് 17-18 പൈസ വരെയുമാണ് വര്‍ധിച്ചിരിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളുമായ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ പെട്രോളിനും ഡീസലിനും വന്‍ വര്‍ധനയാണ് ഉണ്ടായത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 92.57 രൂപയാണ് വില. ഡീസലിന് 87.07 രൂപയും. പ്രധാന നഗരങ്ങളിലെ വില പരിശോധിക്കുമ്പോള്‍, കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 90.57 രൂപയാണ് വില. ഡീസലിന് 85.14 രൂപയും. കോഴിക്കോട് പെട്രോളിന് 90.95 രൂപയും ഡീസലിന് 85.54 രൂപയുമാണ് ഇന്നത്തെ വില. 2021ന്റെ തുടക്കത്തില്‍ 26 തവണ പെട്രോളിനും ഡീസലിനും വില ഉയര്‍ന്നിരുന്നു.

പെട്രോളിന് 7.46 രൂപയും ഡീസലിന് 7.60 രൂപയുമാണ് ഇത്തരത്തില്‍ വര്‍ധിച്ചത്. ഈ വര്‍ഷം ആദ്യമായി വില കുറഞ്ഞത് മാര്‍ച്ച് 24നും 25നുമായിരുന്നു. 24 ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷം മാര്‍ച്ച് 30നും വിലയില്‍ കുറവുണ്ടായി. പിന്നീട് ഏപ്രില്‍ 15ന് പെട്രോളിന് 16 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞിരുന്നു. ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ കമ്പനികള്‍ രാജ്യാന്തര വിപണിയിലെ വിലയും വിദേശ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാവിലെ ആറുമണിക്ക് ചില്ലറ വില്‍പന വില പുതുക്കുന്നത്.