രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ഈ മാസം 20ന്

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കും. സിപിഐ-സിപിഎം ഉഭയകക്ഷി ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച ധാരണയായി. 19ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കും. നാല് മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും വേണമെന്നാണ് സിപിഐയുടെ ആവശ്യം. ചീഫ് വിപ്പിന്റെ കാര്യത്തില്‍ ചര്‍ച്ചയാവാമെന്നും സിപിഐ പറഞ്ഞു. 17ന് ഇടതുമുന്നണി യോഗം, 18ന് എല്ലാ പാര്‍ട്ടികളും യോഗം ചേര്‍ന്ന് മന്ത്രിമാരെ തീരുമാനിക്കും, 19ന് എല്‍ഡിഎഫ് പാര്‍ലമെന്ററി യോഗം ചേര്‍ന്ന് പിണറായി വിജയനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കും. ആ കാര്യം ഗവര്‍ണറെ അറിയിക്കും. ഇതേ തുടര്‍ന്ന് ഗവര്‍ണര്‍ അദ്ദേഹത്തെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കും. 20ന് സത്യപ്രതിജ്ഞ.

കേരള കോണ്‍ഗ്രസ് എം രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും ഒരെണ്ണമേ കൊടുക്കാനിടയുള്ളൂ. പകരം അവര്‍ക്ക് ഒരു ക്യാബിനറ്റ് പദവി നല്‍കിയേക്കും. ഒരു അംഗങ്ങള്‍ മാത്രമുള്ള ആറോളം കക്ഷികളുണ്ട്. ഇവര്‍ എല്ലാവരും മന്ത്രി സ്ഥാനം ആവശ്യപ്പെട്ടു. എന്നാല്‍, ഇത് അസാധ്യമായതിനാല്‍ ചിലര്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയേക്കും. ഓരോ പാര്‍ട്ടിക്കും എത്ര മന്ത്രി സ്ഥാനം വീതം നല്‍കണമെന്നായിരുന്നു ഇന്നത്തെ പ്രധാന ചര്‍ച്ച. നാല് മന്ത്രിസ്ഥാനങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ നിലപാടെടുത്തു.