വാക്‌സിന്‍ എടുത്തു പുലിവാല് പിടിച്ചു ചിന്താ ജെറോം ; മുഖ്യമന്ത്രിക്ക് പരാതി
വാക്‌സിന്‍ എടുത്തു പുലിവാല് പിടിച്ച നിലയിലാണ് യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചിട്ടില്ലെന്നിരിക്കെ, 32 വയസ്സുള്ള ചിന്തയ്ക്കു വാക്സിന്‍ ലഭിച്ചതാണ് വിവാദമായത്. പിന്‍വാതില്‍ നിയമനം പോലെ സി.പി.എം ഭരണകാലത്തു ‘പിന്‍വാതില്‍ വാക്സിന്‍’ എന്ന ആരോപണമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വാക്സിന്‍ സ്വീകരിക്കുന്നതിന്റെ ഫോട്ടോ കഴിഞ്ഞ ദിവസമാണ് ചിന്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. തിരുവനന്തപുരം വികാസ് ഭവനു സമീപത്തെ ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ നിന്നായിരുന്നു വാക്സിന്‍ സ്വീകരിച്ചത്.
തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമാണു 18- 45 വയസ്സ് പ്രായപരിധി നോക്കാതെ വാക്സിന്‍ നല്‍കിയിട്ടുള്ളതെന്നാണ് ചിന്തയ്ക്കെതിരെയുള്ള പ്രധാന വാദം. സംഭവത്തില്‍ കൊല്ലം ബാറിലെ അഭിഭാഷകന്‍ ബോറിസ് പോള്‍ ചിന്തയുടെ ഫെയ്സ്ബുക് പോസ്റ്റ് സഹിതം മുഖ്യമന്ത്രിക്കു പരാതി നല്‍കി. 18-45 വയസ്സ് പരിധിയിലുള്ളവര്‍ക്കു വാക്സിനേഷന്‍ വൈകുമെന്ന ഔദ്യോഗിക അറിയിപ്പു നിലനില്‍ക്കുമ്പോള്‍ ചിന്ത ജെറോം വാക്സിനെടുത്തതു ഗുരുതര സംഭവമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. പരാതി ഉചിതമായ നടപടിക്കായി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു കൈമാറിയതായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി.
അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം കോവിഡ് വാക്സിന്‍ നല്‍കാമെന്ന കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം നിലവിലുള്ളതിനാലാണു വാക്സിന്‍ സ്വീകരിച്ചതെന്നാണ് ചിന്ത ജെറോം പറയുന്നത്. ഓണ്‍ലൈന്‍ ആയി റജിസ്റ്റര്‍ ചെയ്ത ശേഷമാണു വാക്സിനെടുത്തതെന്നും ചിന്ത പറയുന്നു. യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ് വകുപ്പു സെക്രട്ടറിയുടെ റാങ്കാണ്. സെക്രട്ടേറിയറ്റിലെയും വികാസ് ഭവനിലെയും ഭൂരിപക്ഷം ജീവനക്കാരും വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞതായും ചിന്ത ചൂണ്ടിക്കാട്ടി.