സംസ്ഥാനത്ത് മെയ് 16 വരെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍
മെയ് എട്ടിന് രാവിലെ 6 മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. കോവിഡ് രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തില്‍ ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനം പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്നലെ സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല്‍പ്പതിനായിരം കടന്നിരുന്നു. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും വ്യക്തമാക്കിയിരുന്നതാണ്. ഇതിനു പിന്നാലെയാണ് ഒന്‍പത് ദിവസത്തേക്ക് അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല.
ഇതിനിടെ ശ്മശാനങ്ങളില്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ നടത്തുന്ന വൈദ്യുത ശ്മശാനമായ തൈക്കാട് ശാന്തികവാടത്തില്‍ വെള്ളിയാഴ്ച വൈകുന്നേരത്തേക്ക് വരെയുള്ള ബുക്കിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രതിദിനം 24 മൃതദേഹങ്ങള്‍ വരെയാണ് തൈക്കാട് ശാന്തികവാടത്തില്‍ ദഹിപ്പിക്കുന്നത്. ചില ദിവസങ്ങളില്‍ ഇതില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ എത്തും. അതിനാല്‍ സംസ്‌കാരത്തിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്.