മരുന്നു കമ്പനികളുടെ എതിര്‍പ്പ് അവഗണിച്ച് വാക്‌സിന്‍ പേറ്റന്റ് ഒഴിവാക്കാന്‍ ഒരുങ്ങി യുഎസ്

കോവിഡ് വാക്‌സിന്റെ പേറ്റന്റ് ഒഴിവാക്കാനുള്ള സുപ്രധാന നീക്കവുമായി അമേരിക്ക. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് രണ്ടാം തരംഗം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കം. ഇന്ത്യ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ പേറ്റന്റ് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പേറ്റന്റ് നീക്കിയാല്‍ ലോകത്താകമാനം വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കാമെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍, മരുന്നു കമ്പനികള്‍ ഈ നീക്കം എതിര്‍ക്കുന്നുണ്ട്. അതിന് ഉദ്ദേശിക്കുന്ന ഫലം ഉണ്ടാകണമെന്നില്ലെന്നാണ് മരുന്നു കമ്പനികളുടെ നിലപാട്. ഫൈസര്‍,മോഡേണ കമ്പനികളുടെ എതിര്‍പ്പ് അവഗണിച്ചാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റ് നടപടി.

ഡെമോക്രാറ്റ് അംഗങ്ങളും നൂറിലധികം രാജ്യങ്ങളും ഇക്കാര്യം ആവശ്യപ്പെട്ട് സമ്മര്‍ദംചെലുത്തിയിരുന്നു. അസാധാരണമായ സമയങ്ങളില്‍ അസാധാരണമായ നടപടികള്‍ ആവശ്യമാണെന്ന് യുഎസ് ട്രേഡ് റപ്രസന്റിറ്റീവ് കാതറീന്‍ തായ് വ്യക്തമാക്കുന്നു. ബൗദ്ധിക സ്വത്തവാകാശം ഒഴിവാക്കുന്നതോടെ ഏത് ഉല്‍പാദകര്‍ക്കും വാക്‌സീന്‍ നിര്‍മിക്കാന്‍ സാധിക്കും. ഇതിലൂടെ വാക്‌സീന്‍ ക്ഷാമം പരിഹരിക്കാം. കഴിഞ്ഞ ആറുമാസമായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും അടക്കം 60 ഓളം രാജ്യങ്ങള്‍ വാക്‌സിനുകളുടെ പേറ്റന്റുകള്‍ നീക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും ഇതിന് എതിരായിരുന്നു.

ജോ ബൈഡന്‍ യുഎസ് പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ഈ ആവശ്യത്തില്‍ ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുകയാണ്. വാക്‌സിന്റെ ബൗദ്ധികാവകാശം നീക്കുന്നതില്‍ അനുകൂലമായ നിലപാടാണ് ബൈഡന്റേത്. കോവിഡ് -19 നെതിരായ പോരാട്ടത്തിലെ മഹത്തായ നിമിഷം എന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തലവന്‍ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. പേറ്റന്റ് നീക്കാനുള്ള തീരുമാനം ലോകവ്യാപാര സംഘനയെ അറിയിക്കും. അംഗീകാരം ലഭിക്കുകയാണെങ്കില്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്കും താങ്ങാനാവുന്ന വിലയില്‍ വാക്‌സിന്‍ ലഭിക്കും.