കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതാക്കള്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം കൂട്ടത്തോടെ ഏറ്റെടുത്ത് നേതാക്കള്‍. പരസ്പരം ചെളിവാരിയെറിഞ്ഞ് ആര്‍എസ്എസിന് മുതലെടുക്കാന്‍ അവസരം കൊടുക്കരുതെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടിയില്‍ കാതലായ മാറ്റം വേണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയമായ തോല്‍വി ചര്‍ച്ച ചെയ്യാനായാണ് ഇന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നത്. രാവിലെ പത്തരയ്ക്ക് ആരംഭിച്ച യോഗം ഉച്ചയ്ക്കും തുടരുകയാണ്. യോഗത്തില്‍ ആഞ്ഞടിക്കുമെന്നു കരുതിയിരുന്ന നേതാക്കളെല്ലാം തോല്‍വിയുടെ ഉത്തരവാദിത്തം കൂട്ടത്തോടെ ഏറ്റെടുക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്.
തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ മുല്ലപ്പള്ളി വിമര്‍ശനമുന്നയിച്ചു. ചിലര്‍ തനിക്കെതിരെ ആസൂത്രിതമായ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. എന്നാല്‍, പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. തെരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷന്‍ താനായിരുന്നു. ആ നിലയ്ക്കാണ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. എന്നാല്‍, പരസ്പരം പഴിചാരേണ്ട സമയമല്ല ഇതെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. അതേസമയം, തോല്‍വിയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്നാണ് ചെന്നിത്തല യോഗത്തില്‍ പറഞ്ഞത്. പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും ഹൈക്കമാന്‍ഡ് എന്തു തീരുമാനമെടുക്കുന്നോ അതിനെയെല്ലാം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വാദം യോഗത്തില്‍ ആദ്യമായി ഉന്നയിച്ചതും ചെന്നിത്തലയായിരുന്നു. കൃത്യമായ അജണ്ടയോടെ ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഈ തെരഞ്ഞെടുപ്പില്‍ അവര്‍ സിപിഎമ്മിന് വോട്ട് മറിച്ചുകൊടുത്തു. കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടുകൊണ്ട് ആര്‍എസ്എസ് നീക്കം നടത്തുന്നുണ്ട്. നേതാക്കളുടെ ചുറ്റും വട്ടമിട്ടു പറക്കുകയാണ് ആര്‍എസ്എസ്. അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരും അവരുടെ കെണിയില്‍ വീണുപോകരുതെന്നും ചെന്നിത്തല ഉപദേശിച്ചു. തുടര്‍ന്ന് സംസാരിച്ച കെ സുധാകരന്‍ കണ്ണൂരിലെ തോല്‍വിയില്‍ തനിക്കുകൂടി ഉത്തരവാദിത്തമുണ്ടെന്ന് ഏറ്റുപറഞ്ഞു. കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം യുഡിഎഫിനായിട്ടും ഈ പ്രദേശം ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ വിജയിക്കാനാകാതെ പോയത് തന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. ആര്‍എസ്എസിന് മുതലെടുക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കരുതെന്നും സുധാകരന്‍ സൂചിപ്പിച്ചു.