ഇടതുമുന്നണിയുടെ വിജയദിനാഘോഷം ദീപം തെളിയിച്ച്

ചരിത്ര തിരുത്തിയ വിജയത്തിന്റെ ആഘോഷം ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചും ആഘോഷിച്ച് ഇടതു മുന്നണി പ്രവര്‍ത്തകര്‍. കോവിഡ് നിയന്ത്രണം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വീടുകള്‍ക്കുള്ളില്‍ ഒതുങ്ങി ദീപം തെളിയിച്ച് വിജയാഘോഷം നടത്താന്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്തിരുന്നത്. തെരുവില്‍ ഇറങ്ങിയുള്ള ആള്‍ക്കൂട്ടങ്ങളുടെ ആഘോഷം നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം ക്ലിഫ്ഹൗസില്‍ കുടുംബസമേതമാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ദീപം തെളിയിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ആഹ്ലാദപ്രകടനം.

സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ തൃശൂരിലെ വീട്ടിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എകെജി സെന്ററിലും ദീപം തെളിയിച്ചു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള എകെജി സെന്ററില്‍ സംഘടിപ്പിച്ച വിജയദിനാഘോഷത്തില്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കൊപ്പം പങ്കെടുത്തു. മുന്‍ മന്ത്രി ഇപി ജയരാജന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മന്ത്രി കെകെ ശൈലജ ടീച്ചര്‍ തുടങ്ങിയവര്‍ വിജയാഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം പല ഇടങ്ങളിലും പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും ആഘോഷം നടത്തി.