കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ; ഗോവയില്‍ കര്‍ഫ്യു
കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന കര്‍ണാടകയില്‍ മെയ് 10 മുതല്‍ 24 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യെദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്. 10 ന് രാവിലെ ആറു മണിക്ക് ലോക്ക് ഡൗണ്‍ ആരംഭിക്കും. നേരത്തെ പ്രഖ്യാപിച്ച കര്‍ഫ്യൂ ഫലപ്രദമാകാത്തതിനെ തുടര്‍ന്നാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. റസ്റ്റോറന്റുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും രാവിലെ ആറു മുതല്‍ 10 വരെ തുറക്കും. രാവിലെ പത്തുമണിക്ക് ശേഷം ആരെയും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അതേസമയം ലോക്ക് ഡൗണ്‍ താത്കാലിക തീരുമാനം മാത്രമാണെന്നും അതിനാല്‍ അയല്‍ സംസ്ഥാനത്തുനിന്ന് വന്ന് കര്‍ണാടകയില്‍ ജോലി ചെയ്യുന്ന ആള്‍ക്കാര്‍ തിരികെ പോകേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ഗോവയിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. സംസ്ഥാനത്ത് മെയ് ഒമ്പതു മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. 15 ദിവസത്തേക്കാണ് നിയന്ത്രണം. നിലവിലുള്ള നിയന്ത്രണങ്ങള്‍ ജനം പൂര്‍ണമായും അനുസരിക്കാത്തതിനാലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ ഒന്നുവരെ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്ന് ഉത്തരവില്‍ പറയുന്നു. ഹോം ഡെലിവറി സേവനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ മാത്രമെ ഹോം ഡെലിവറി സര്‍വ്വീസുകള്‍ അനുവദിക്കുകയുള്ളു. വിവാഹമുള്‍പ്പെടെ ആളുകള്‍ കൂടുന്ന എല്ലാവിധ ആഘോഷപരിപാടികള്‍ക്കും വിലക്കുണ്ട്.
ഗോവയില്‍ കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടുത്ത രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും സാവന്ത് അറിയിച്ചു.