25,000 സിനിമ പ്രവര്‍ത്തകര്‍ക്ക് 1,500 രൂപ വീതം ധനസഹായം നല്‍കി സല്‍മാന്‍ ഖാന്‍

ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന സിനിമ പ്രവര്‍ത്തകര്‍ക്ക് സഹായവാഗ്ദാനവുമായി ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. സാങ്കേതിക പ്രവര്‍ത്തകര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍, ലൈറ്റ്‌ബോയിമാര്‍ തുടങ്ങിയ 25,000 പേര്‍ക്ക് ആണ് സല്‍മാന്‍ ധനസഹായം നല്‍കുന്നത്. ആദ്യഗഡുവായി 1,500 രൂപ വീതമാണ് നല്‍കുകയെന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയിസ് (എഫ്.ഡബ്ല്യു.ഐ.സി.ഇ) പ്രസിഡന്റ് ബി.എന്‍. തിവാരി അറിയിച്ചു. അര്‍ഹതപ്പെട്ടവരുടെ പട്ടികയും അക്കൗണ്ട് നമ്പരും സല്‍മാന്‍ ഖാന് കൈമാറിയിട്ടുണ്ട്. പണം ഉടന്‍ നിക്ഷേപിക്കുമെന്ന് അദ്ദേഹം അറിയിച്ചതായും ബി.എന്‍. തിവാരി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷവും ലോക് ഡൌണ്‍ സമയത്തു ജോലിയില്ലാതെ വിഷമിക്കുന്ന സിനിമ പ്രവര്‍ത്തകര്‍ക്ക് 3,000 രൂപ വീതം സല്‍മാന്‍ ഖാന്‍ നല്‍കിയിരുന്നു. അടുത്തിടെ, ശിവസേനയുടെ യൂത്ത് വിങുമായി സഹകരിച്ച് മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസുകാരും ആരോഗ്യപ്രവര്‍ത്തകരുമടക്കം, 5000 കോവിഡ് മുന്നണി പോരാളികള്‍ക്ക് ഭക്ഷണമെത്തിക്കാനും സല്‍മാന്‍ ഖാന്‍ മുന്‍കൈയ്യെടുത്തിരുന്നു. സല്‍മാനെ കൂടാതെ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ഹരായ 35,000 മുതിര്‍ന്ന പൗരന്മാര്‍ക്ക് 5000 രൂപ വീതം നല്‍കാന്‍ യഷ്രാജ് ഫിലിംസുമായി തത്വത്തില്‍ ധാരണയായതായി എഫ്.ഡബ്ല്യു.ഐ.സി.ഇ അറിയിച്ചു. നാലുപേരടങ്ങുന്ന കുടുംബത്തിനുള്ള പ്രതിമാസ റേഷന്‍ വിതരണം ചെയ്യാമെന്നും യഷ്രാജ് ഫിലിംസ് സമ്മതിച്ചിട്ടുണ്ട്.