ഡിആര്‍ഡിഒ വികസിപ്പിച്ച വെള്ളത്തില്‍ കലക്കി കഴിയ്ക്കുവാനുള്ള കോവിഡ് മരുന്നിന് അംഗീകാരം
കോവിഡ് വ്യാപനം രൂക്ഷമായ വേളയില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ) വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്നിന് കേന്ദ്രത്തിന്റെ അംഗീകാരം. 2 ഡിയോക്സി ഡി ഗ്ലൂക്കോസ്-2-ഡി ജി എന്ന മരുന്ന് രാജ്യത്ത് കോവിഡ് രോഗികള്‍ക്ക് അടിയന്തരമായി ഉപയോഗിക്കാനാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) അനുമതി നല്‍കിയിരിക്കുന്നത്. ഹൈദരാബാദിലെ ഡോ. റെഡ്ഡി ലബോറട്ടറീസുമായി ചേര്‍ന്നാണ് ഡിആര്‍ഡിഒ ലാബായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലീഡ് സയന്‍സസ്(ഇന്‍മാസ്) മരുന്ന് വികസിപ്പിച്ചത്.
പൊടി രൂപത്തിലുള്ളതാണ് മരുന്ന്. വെള്ളത്തില്‍ അലിയിപ്പിച്ചാണ് ഇത് കഴിക്കേണ്ടത്. മരുന്നില്‍ അടങ്ങിയ സൂക്ഷ്മാണു കോവിഡ് രോഗിയുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ പെട്ടെന്നുതന്നെ വൈറസ് വ്യാപനം തടയുകയും രോഗമുക്തി സംഭവിക്കുകയും ചെയ്യുമെന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. ഇതിനു പുറമെ കൃത്രിമ ഓക്സിജനെ ആശ്രയിക്കേണ്ട സാഹചര്യവും കുറയും. മരുന്ന് പരീക്ഷിച്ച രോഗികളില്‍ വേഗത്തില്‍ രോഗമുക്തിയുണ്ടായിട്ടുണ്ട്.
ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ പെട്ടെന്നു തന്നെ ഇവര്‍ക്ക് കോവിഡ് നെഗറ്റീവായി. 2020 ഏപ്രിലില്‍ കോവിഡിന്റെ ആദ്യ തരംഗത്തിനിടെയാണ് ഇന്‍മാസ്-ഡിആര്‍ഡിഒ ശസ്ത്രജ്ഞര്‍ ചേര്‍ന്ന് ലബോറട്ടറികളില്‍ മരുന്ന് പരീക്ഷണം നടത്തിയത്. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ബയോളജിയുടെ സഹായത്തോടെയായിരുന്നു പരീക്ഷണം. ആദ്യ പരീക്ഷണത്തില്‍ മരുന്ന് സാര്‍സ് അടക്കമുള്ള വൈറസുകള്‍ക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തി. പിന്നീട് 2020 മെയ് മുതല്‍ മരുന്നിന്റെ രണ്ടാംഘട്ട പരീക്ഷണവും ആരംഭിച്ചു. മെയ്-ഒക്ടോബര്‍ മാസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആറ് ആശുപത്രികളിലായി നടത്തിയ 2-ഡിജി മരുന്നു പരീക്ഷണത്തില്‍ കോവിഡ് രോഗികളില്‍ മരുന്ന് ഫലപ്രദമാണെന്ന് തെളിഞ്ഞു. 110 രോഗികളിലായിരുന്നു പരീക്ഷണം.
ഇതോടെ മൂന്നാം ഘട്ട പരീക്ഷണത്തിനും ഡിസിജിഐ അനുമതി നല്‍കുകയും 2020 ഡിസംബര്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെയായി 220 കോവിഡ് രോഗികളില്‍ മരുന്ന് പരീക്ഷിക്കുകയും ചെയ്തു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള 27 ആശുപത്രികളിലായിരുന്നു മൂന്നാംഘട്ട പരീക്ഷണം നടന്നത്. ഇതും വിജയകരമായതിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് മരുന്ന് രാജ്യത്ത് ഉപയോഗിക്കാന്‍ ഡിസിജിഐ അംഗീകാരം നല്‍കിയത്. വേണ്ടത്ര വാക്‌സിന്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മരുന്ന് കോവിഡ് രോഗികള്‍ക്ക് വലിയ തോതില്‍ ഗുണകരമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു.