കണ്ണീര്‍ കണങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത്
സി. വി. എബ്രഹാം (സ്വിറ്റ്സര്‍ലന്‍ഡ്)
കരച്ചിലും കണ്ണുനീരുമൊക്കെ സാഹചര്യങ്ങള്‍ക്കനുസരിച്ച്, കാര്യസാധ്യത്തിനായി സ്ത്രീകള്‍ പുറത്തെടുക്കുന്ന സ്വകാര്യ ആയുധമായിട്ടാണ് സാധാരണ വിലയിരുത്തപ്പെടുന്നത്.
പുരുഷന്‍ കരയുകയെന്നാല്‍ അവന്‍ മനോദൗര്‍ബല്യമുള്ളവനാണെന്നതിന് രണ്ടു പക്ഷമില്ല താനും.
അതുകൊണ്ടാണല്ലോ പലപ്പോഴും ആണ്‍കുട്ടികള്‍ കരയുമ്പോള്‍ ‘ പെണ്ണുങ്ങളെപോലെ നിന്നു കിണുങ്ങാതെ ‘ എന്ന പ്രയോഗം തന്നെ സാര്‍വത്രികമായത്.
ദുര്‍ബല്യത്തിന്റെ പ്രതീകമായി കരുതപ്പെടുന്ന `കണ്ണീര്‍ വിശേഷങ്ങള്‍` തേടി ഇറങ്ങി പുറപ്പെട്ടവരുടെ, കണ്ടെത്തലുകള്‍ പുതുമയേറുന്നതാണ്.
ആദിമ മനുഷ്യരില്‍ തുടങ്ങി ഇന്നുവരെയുള്ള ജന്മങ്ങള്‍, പ്രത്യേകിച്ച് ലോല ഹൃദയര്‍, വികാരപ്രകടനത്തിനായും, തന്ത്ര പരമായി കാര്യങ്ങള്‍ സാധിച്ചെടുക്കുന്നതിനും വേണ്ടി ജീവിതത്തില്‍ ഒഴുക്കുന്ന കണ്ണുനീരിന്റെ അളവ് കേട്ടാല്‍ നാം അത്ഭുതപ്പെട്ടേക്കാം; 70 മുതല്‍ 100 ലിറ്റര്‍ വരെ, അല്ലെങ്കില്‍ 4.2 മുതല്‍ 5 മില്യണ്‍ വരെ കണ്ണീര്‍ തുള്ളികള്‍ !
ദുഃഖത്തിന്റെ ബഹിര്‍സ്ഫുരണമായി മാത്രം കരുതപ്പെട്ടിരുന്ന കണ്ണീരിന്, അതിലുപരി, വ്യത്യസ്തമായ അര്‍ത്ഥവ്യാപ്തിയുണ്ടെന്ന തിരിച്ചറിവാണ് കരച്ചിലിന്റെ രൂപഭേദങ്ങളെ പറ്റി പഠിക്കാന്‍ അന്വേഷണ കുതുകികള്‍ക്ക് പ്രചോദനമേകിയത്.
മനുഷ്യര്‍ എന്തിനാണ് കരയുന്നത് ?
ആശയ വിനിമയത്തിനുള്ള ഉപാധിയായും, കരയുന്ന സമയത്തെ നമ്മുടെ മാനസികാവസ്ഥ യും അതിലുപരി കരയുന്ന വ്യക്തിയുടെ സ്വഭാവവിശേഷങ്ങളിലെയ്ക്ള്ള ചുണ്ടുപലകയായും ഒക്കെ കരച്ചില്‍ വിലയിരുത്തപ്പെടുന്നു.
അങ്ങനെയെങ്കില്‍ മുതലയുടെ കരച്ചിലില്‍ നിന്നും നമ്മള്‍ എന്ത് മനസ്സിലാക്കണമെന്ന പ്രസക്തമായ ചോദ്യം പലരുടെ മനസ്സിലും ഉയര്‍ന്നേക്കാം,
`മുതലക്കണ്ണീര്‍രൊഴുക്കല്‍` എന്ന പ്രയോഗം വരെ ഭാഷയില്‍ നിലനില്‍ക്കുന്നതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം വികാര പ്രകടനത്തിനല്ലാതെ – ഹൃദയത്തില്‍ തട്ടാതെ യുള്ള കരച്ചിലാണ് മുതലകള്‍ കാട്ടുന്ന അഭ്യാസമെന്നത് ഒരുമാതിരിപ്പെട്ടവര്‍ക്കെല്ലാം മനഃ പാഠമാണെന്ന്.
മുതലകള്‍ തീറ്റി ചവച്ചിറക്കുമ്പോള്‍ ശക്തിയായി ശ്വസിക്കയും തല്‍ഫലമായി നാസാരന്ധ്രങ്ങളില്‍ അനുഭവപ്പെടുന്ന മര്‍ദ്ദം കണ്ണുനീര്‍ ഗ്രന്ധികളെ ഞെരുക്കുകയും ചെയ്യുമ്പോളാണ് അവയുടെ കണ്ണുകളില്‍ നിന്നും നീര്‍തുള്ളികള്‍ ഒലിച്ചിറങ്ങുന്നത്.
മനുഷ്യന്റെ കരച്ചിലിന് നമ്മള്‍ കണ്ടെത്തുന്ന അര്‍ത്ഥവ്യാപ്തി മുതലയുടെ കാര്യത്തില്‍ നിലനില്‍ക്കുന്നില്ലെന്നു സാരം.
മനുഷ്യന്‍ കോട്ടുവായിടുമ്പോള്‍ കണ്ണില്‍ നിന്നും വെള്ളം വരുന്നതുപോലെ എന്ന് കരുതിയാല്‍ മതി.
അറവുശാലകളില്‍, സഹജീവികളുടെ കഴുത്തില്‍ കത്തിയിറങ്ങുമ്പോള്‍ കണ്ണീരൊലിപ്പിക്കുന്ന ആടുകളുടെയോ, അന്തഃസംഘര്‍ഷമനുഭവിക്കുന്ന ആനകളുടെയോ കണ്ണുനീരിനെ വികാരപ്രകടനമായി കണ്ടെത്തി തെളിയിക്കപ്പെട്ടിട്ടില്ല.
ബാഹ്യ കാരണങ്ങള്‍ കൊണ്ട്, ഉള്ളിയുടെ തൊലി പൊളിക്കുമ്പോളും കണ്ണില്‍ `കരട്` പോയാല്‍ കഴുകിക്കളയാ നുള്ള സഹജമായ ഉപാധിയി കണ്ണില്‍ നിന്നും വരുന്ന നീര്‍തുള്ളികളെയും വ്യത്യസ്ത അര്‍ത്ഥത്തില്‍ കാണേണ്ടിയിരിക്കുന്നു.
വ്യത്യസ്ത സന്നര്‍ഭങ്ങളിലെ കരച്ചിലിലൂടെയെല്ലാം ഒഴുകിയിറങ്ങുന്നതു വെള്ളമാണെങ്കിലും വികാരപ്രകടനത്തിനായുള്ള കരച്ചിലില്‍ പ്രോട്ടീന്‍ ന്റെ അംശം കുടുതലുണ്ടാകുമത്രെ.
കുട്ടികള്‍ക്ക് ആറു മാസം വളര്‍ച്ചയെത്തുമ്പോള്‍ തന്നെ കാര്യസാധ്യത്തിനായും, തന്മയത്വത്തോടെ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനുമായി കൗശലപൂര്‍വ്വം കണ്ണുനീര്‍ പൊഴിക്കുന്നത് ഫലപ്രദമാണെന്ന് അവര്‍ മനസ്സിലാക്കുന്നുവെന്ന് 2007 ല്‍ ഒരു ബ്രിട്ടീഷ് ഗവേഷക കണ്ടെത്തിയിരുന്നു.
പ്രിയപ്പെട്ടവരുടെ വേര്‍പാടും, പരാജയവും, ഒറ്റപ്പെടലും, സഹിക്കാനവവാത്ത വേദനയും, നിസ്സഹായാവസ്ഥയു മൊക്കെയാണ് മുതിര്‍ന്നവരുടെ കരച്ചിലിനു കാരണമായി മാറുന്നത്.
കാലപ്പഴക്കം കൊണ്ട് മിക്കവാറും കരച്ചിലുകളുടെ മൂലകാരണങ്ങള്‍ അവ എത്ര അഗാധമായിരുന്നെങ്കില്‍ പോലും സന്തോഷത്തിന് അല്ലെങ്കില്‍ സാധാരണത്വത്തിന് വഴിമാറുന്നതായി കാണാം.
2 മുതല്‍ 4 മിനിറ്റുകള്‍ വരെ കരഞ്ഞു കൊണ്ട് പുരുഷ കേസരികള്‍ തങ്ങളുടെ ആന്തരിക വ്യഥ കണ്ണുനീരിലൂടെ ഒഴുക്കിവിടുമ്പോള്‍ ലോലഹൃദയരായ പെണ്ണുങ്ങള്‍ക്ക് 6 മിനിറ്റെങ്കിലും കരഞ്ഞാലേ സങ്കടം കഴുകിക്കളയാനാവൂ.
ചെറു പ്രായത്തിലുള്ളവര്‍ കരയാനുണ്ടാവുന്ന സാഹചര്യങ്ങളും, അതിനുള്ള കാരണങ്ങളും പ്രായമാകുന്നതോടെ പ്രസക്തി നനഷ്ടപ്പെട്ടവയായി മാറും.
ഏതാണ്ട് 13 വയസ്സു വരെ ലിഗഭേദമെന്യേ രണ്ടു കൂട്ടര്‍ക്കും കരച്ചിലുണ്ടാക്കുന്ന സാഹചര്യങ്ങള്‍ സമാനമാണെങ്കിലും അതിനു ശേഷം, ഒരേ സാഹചര്യം പുരുഷന്മാരേക്കാള്‍ നാലഞ്ചു മടങ്ങു കൂടുതല്‍ സ്ത്രീകളെ കണ്ണീരിലാഴ്ത്തും.
ദിവസേന സംഭവിക്കുന്ന സാധാരണ പ്രശ്‌നങ്ങള്‍ തുടങ്ങി, വിമര്‍ശിക്കുന്നതും, മാനസിക സംഘര്‍ഷമുണ്ടാക്കുന്ന സാധാരണ സാഹചര്യങ്ങളും വരെ (Conflict situations) സ്ത്രീകളുടെ കണ്ണു നിറയ്ക്കുമ്പോള്‍ ഇവയൊന്നും ആണിന് കരയാനുള്ള കാരണങ്ങളാവാറില്ല.
എന്നാല്‍ പ്രേമ നൈരാശ്യവും, ദുഃഖ സാഹചര്യങ്ങളും,ഗൃഹാതുരത്വവുമൊക്കെ രണ്ടു കുട്ടരിലും ഉണ്ടാക്കുന്ന പ്രതികരണങ്ങള്‍ ഒരു പോലെയായിരിക്കും.
വളര്‍ന്നു വരുന്ന സാഹചര്യങ്ങളും, ചെറുപ്പകാലത്തു ലഭിക്കുന്ന ശിക്ഷണവുമാണ് വികാരങ്ങളെ നിയന്ത്രിക്കാനും നിസ്സാര കാര്യങ്ങള്‍ക്കു പോലും കണ്ണുനീര്‍ വീഴ്ത്താതിരിക്കാനും ഒരുവനെ പ്രാപ്തനാക്കുന്നത്.
കണ്ണ് നിറയുന്നതും കണ്ണുനീരൊഴുക്കുന്നതുമൊക്കെ ബലഹീനതയായി മുദ്ര കുത്തപ്പെട്ടിട്ടുണ്ടെങ്കിലും, ഉറച്ച മാനസികാവസ്ഥയിലുള്ള ഒരാള്‍ വികാരങ്ങളെ അമര്‍ത്തി മറ്റുള്ളവരുടെ മുന്‍പില്‍ കരയാതിരിക്കാന്‍ പാടുപെടുന്നത് പിരിമുറുക്കം കൂട്ടുവാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തന്‍മൂലമുള്ള അപകടങ്ങളും വരുത്തി വയ്ക്കുവാനും കാരണമായേക്കാം. ആ അവസരത്തില്‍ വികാരങ്ങളെ സ്വതന്ത്രമായി വിട്ട് നന്നായൊന്നു കരയുന്നത് പലപ്പോഴും മാനസിക സൗഖ്യം പ്രദാനം ചെയ്യുന്നു; പ്രത്യേകിച്ചും അന്തരീക്ഷം ദുഃഖ സാന്ദ്രമാണെങ്കില്‍.
എന്നാല്‍ വിഷാദ രോഗത്തിനടിമപ്പെട്ടവരില്‍ ഈ കരച്ചിലിന് ശേഷമുള്ള അവസ്ഥയില്‍ കാര്യമായ വ്യതിയാനം ഉണ്ടാവില്ല.
രസകരമായ മറ്റൊരു കണ്ടെത്തല്‍, സ്ത്രീകളുടെ കണ്ണീരിന് പുരുഷ ഹൃദയത്തെ തരളിതമാക്കുവാനും അവനെ കരയിക്കുവാനും വരെ പ്രാപ്തിയുണ്ടെന്നതാണ്.