ചൈനയുടെ കൊറോണ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തിര അനുമതി
ചൈനയുടെ കൊറോണ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തിര അനുമതി. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സിനോഫാം എന്ന കമ്പനി നിര്‍മിച്ച വാക്‌സിന് ആണ് ലോകാരോഗ്യ സംഘടന അടിയന്തിര അനുമതി നല്‍കിയത്. ഒരു പാശ്ചാത്യേതര രാജ്യം വികസിപ്പിച്ചെടുത്ത വാക്‌സിന് ലോകാരോഗ്യ സംഘടന പിന്തുണ നല്‍കുന്നത് ആദ്യമായാണ്. ഫൈസര്‍, ആസ്ട്രാസെനക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മോഡേണ എന്നീ വാക്‌സിനുകള്‍ക്കാണ് ലോകാരോഗ്യ സംഘടന ഇതുവരെ അനുമതി നല്‍കിയിട്ടുള്ളത്.
നിലവില്‍ ഉപയോഗത്തിലുള്ള വാക്‌സിനുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ചൈന വികസിപ്പിച്ചെടുത്ത വാക്‌സിനുകള്‍ എന്ന് ബി ബി സി ന്യൂസ് വിശദീകരിക്കുന്നു. കൂടുതല്‍ പരമ്പരാഗതമായ രീതിയില്‍ വികസിപ്പിച്ചെടുത്തിട്ടുള്ള ഈ വാക്‌സിനുകള്‍ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം ഉണര്‍ത്താന്‍ വൈറസിന്റെ അചേതനമായ കണങ്ങളെയാണ് ഉപയോഗിക്കുന്നതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗത്തോടുള്ള ഗുരുതരമായ പ്രതികരണം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു.
സിനോഫാം എന്ന കമ്പനിയുടെ അനുബന്ധ കമ്പനിയായ ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പിന്റെ ഒരു ഘടകമായ ബീജിങ് ബയോളജിക്കല്‍ പ്രോഡക്റ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്‌സിനാണ് സിനോഫാം വാക്‌സിന്‍. റോയ്റ്റേഴ്സിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം ഈ വാക്‌സിന് കോവിഡ് 19-നെതിരെ 79.34% ഫലപ്രാപ്തിയുണ്ടെന്ന് ഇടക്കാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാലും, ഈ വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളൊന്നും ഇതുവരെ പരസ്യമായി പുറത്തു വിട്ടിട്ടില്ല. സിനോഫാം വാക്‌സിന്റെ സുരക്ഷിതത്വം, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവ സ്ഥിരീകരിക്കുന്നതായി ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച അറിയിച്ചു.
മുതിര്‍ന്ന ആളുകള്‍ക്ക് ഈ വാക്‌സിന്‍ നിര്‍ദ്ദേശിക്കുന്നതായും മൂന്ന് മുതല്‍ നാല് ആഴ്ച കാലയളവിനുള്ളിലായി രണ്ട് ഡോസ് വാക്‌സിനുകള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ‘ആരോഗ്യപ്രവര്‍ത്തകരുടെയും അപകടസാധ്യത കൂടുതലുള്ള ജനവിഭാഗത്തിന്റെയും സംരക്ഷണം ഉന്നം വെയ്ക്കുന്ന രാജ്യങ്ങള്‍ക്ക് കോവിഡ് 19 വാക്‌സിന്റെ ലഭ്യത ത്വരിതപ്പെടുത്താന്‍ സിനോഫാം വാക്‌സിന്‍ സഹായിക്കും. സംഭരിക്കാന്‍ കുറഞ്ഞ സൗകര്യങ്ങള്‍ മതി എന്നതിനാല്‍ വിഭവങ്ങള്‍ കുറവുള്ള സാഹചര്യങ്ങളില്‍ ഈ വാക്‌സിന്‍ അനുയോജ്യമായിരിക്കും’, ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു. സിനോവാക് എന്ന മറ്റൊരു ചൈനീസ് കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിനെ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.