ഐപിഎല്‍ ബാക്കി മത്സരങ്ങള്‍ ഇന്ത്യയില്‍ ഇല്ല ; എവിടെ വെച്ച് എന്നും തീരുമാനമായില്ല

ഐപിഎല്ലിന്റെ ബാക്കിയുള്ള മത്സരങ്ങള്‍ ഇന്ത്യയിലാകില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. എവിടെവച്ചാകും മത്സരം സംഘടിപ്പിക്കുക എന്നു പറയാനായിട്ടില്ലെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ സംഘടിപ്പിക്കാനാകില്ലെന്നത് ഉറപ്പാണെന്നും ഗാംഗുലി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യം അറിയിച്ചത്. ബയോബബിളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെങ്കില്‍ ഐപിഎല്‍ മത്സരങ്ങള്‍ തുടരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മത്സരങ്ങള്‍ നേരത്തെ നിര്‍ത്തിവയ്ക്കാമായിരുന്നുവെന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നതില്‍ കാര്യമില്ലെന്നും താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ഇംഗ്ലീഷ് പ്രീമിയര്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ തുടര്‍ന്നിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു.

വിവിധ ടീമുകളിലെ താരങ്ങള്‍ക്കും സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചതിനു പിറകെ ഈ മാസം നാലിനാണ് ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തിവച്ചത്. എട്ടു താരങ്ങള്‍ക്കും ഏതാനും സ്റ്റാഫുകള്‍ക്കുമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 29 മത്സരങ്ങളാണ് ഇതിനകം ടൂര്‍ണമെന്റില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതിനിടെ, ബാക്കി മത്സരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ സന്നദ്ധത അറിയിച്ച് വിവിധ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇംഗ്ലീഷ് കൗണ്ടി ക്ലബുകള്‍, ശ്രീലങ്ക എന്നിവ കഴിഞ്ഞ ദിവസം ഐപിഎല്‍ വേദിയാകാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ട്.