സംസ്ഥാനത്ത് 1,500 തടവുകാര്‍ക്ക് പരോള്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 1,500ഓളം തടവുകാര്‍ക്ക് പരോള്‍ നല്‍കുവാന്‍ തീരുമാനം. 350 വിചാരണ തടവുകാര്‍ക്കും പരോള്‍ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ഇവരെ ഉടന്‍ മോചിപ്പിക്കാന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് ജയില്‍ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോവിഡ് ഒന്നാം വ്യാപനത്തിനിടെ ഇടക്കാല പരോള്‍ ലഭിച്ചവരെയടക്കം മോചിപ്പിക്കാനായിരുന്നു കോടതി ഉത്തരവ്. കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദേശപ്രകാരമാണ് കേരളത്തില്‍ തടവുപുള്ളികള്‍ക്ക് പരോള്‍ നല്‍കാന്‍ നടപടിയായിരിക്കുന്നത്. 90 ദിവസത്തേക്കാണ് പരോള്‍ നല്‍കുന്നത്.

കോവിഡ് ഒന്നാം വ്യാപനത്തിനിടെ ഉന്നതാധികാര സമിതികളുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ വര്‍ഷം ഇടക്കാല ജാമ്യത്തിലോ പരോളിലോ പുറത്തിറങ്ങിയ മുഴുവന്‍ പേര്‍ക്കും വീണ്ടും ഇതേ പരിഗണന നല്‍കാനായിരുന്നു ഇന്നലെ കോടതി നിര്‍ദേശിച്ചത്. ഇതിനായി ഉന്നതാധികാര സമിതിയുടെ അംഗീകാരത്തിന് ഇനിയും കാത്തിരിക്കേണ്ടതില്ലെന്നും ഒട്ടും കാലതാമസം കൂടാതെ നടപടിയെടുക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഇടക്കാല ജാമ്യം ലഭിച്ച 90 ശതമാനം തടവുപുള്ളികളെയും കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വീണ്ടും ജയിലുകളിലടച്ചിരുന്നു. കഴിഞ്ഞ തവണ പുറത്തിറങ്ങാന്‍ കഴിയാത്തവരുടെ കാര്യവും പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.