കോവിഡ് ബാധിച്ചു മരിച്ചവരുടെ വസ്ത്രം മോഷ്ടിച്ച് വില്‍ക്കുന്ന സംഘം പിടിയില്‍
കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങളുടെ വസ്ത്രങ്ങള്‍ മോഷ്ടിചു മറിച്ചു വില്‍ക്കുന്ന ഏഴംഗ സംഘത്തെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത്. ശ്മശാനങ്ങളില്‍ നിന്നും ചുടുക്കാട്ടില്‍ നിന്നും വസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തെ പശ്ചിമ യു.പിയിലെ ബാഗ്പതില്‍ നിന്നാണ് പിടികൂടിയത്. സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യ വര്‍ധിച്ച സാഹചര്യത്തിലാണ് മോഷണം സജീവമായത്. മോഷ്ടിച്ച വസ്ത്രങ്ങള്‍ വൃത്തിയാക്കി വീണ്ടും വില്‍ക്കുന്നതായിരുന്നു ഇവരുടെ രീതി.
മൃതദേഹം പുതപ്പിക്കുന്ന പുതപ്പ്, അതിന്റെ വസ്ത്രങ്ങള്‍, ബെഡ് ഷീറ്റുകള്‍ എന്നിവയാണ് സംഘം മോഷ്ടിച്ചിരുന്നത്. സംഘത്തില്‍ നിന്നും 520 ബെഡ്ഷീറ്റുകള്‍, 127 കുര്‍ത്തകള്‍, 52 വെള്ള സാരികള്‍, മറ്റു വസ്ത്രങ്ങള്‍ എന്നിവ കണ്ടെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോഷ്ടിച്ച വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിടുന്ന സംഘം ഗ്വാളിയോര്‍ കമ്പനിയുടെ ലേബല്‍ വെച്ച് വീണ്ടും വില്‍ക്കുകയായിരുന്നു. പത്ത് വര്‍ഷമായി മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘവുമായി പ്രദേശിക കച്ചവടക്കാര്‍ക്ക് സ്ഥിര ഇടപാടുണ്ടായിരുന്നതായും പൊലീസ് പറയുന്നു. എന്തായാലും സംഭവം അറിഞ്ഞ നാട്ടുകാര്‍ അകെ ഞെട്ടിയിരിക്കുകയാണ് ഇപ്പോള്‍.