കോവിഡ് കാലം ; സൗകാര്യ ആശുപത്രികളുടെ പകല്‍ കൊള്ള തുടരുന്നു
കോവിഡ് കാലം തങ്ങളുടെ ചാകര ആക്കുകയാണ് കേരളത്തിലെ പ്രൈവറ്റ് ആശുപത്രികള്‍. കോടതി ഇടപെടലിനെ തുടര്‍ന്ന് കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളുടെ നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ച് ഉത്തരവ് ഇറങ്ങി എങ്കിലും വേറെ പല പേരുകളിലും പണം പിഴിയല്‍ തുടരുകയാണ്. കേരളത്തിലെ പല ഭാഗത്തും ഉള്ള പ്രൈവറ്റ് ഹോസ്പ്പിറ്റലുകള്‍ അമിതമായ കാശ് ഈടാക്കുന്നു എന്ന പേരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ധാരാളം കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കോവിഡ് ചികിത്സയ്ക്ക് കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ അമിത നിരക്ക് ഈടാക്കിയ വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. കോതമംഗലം സ്വദേശി വിഷ്ണുവാണ് ഭാര്യ ആരതിയുടെ പ്രസവത്തിന് ആശുപത്രിയില്‍ കഴുത്തറുപ്പന്‍ ഫീസ് ഈടാക്കിയെന്ന പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഏപ്രില്‍ 28ന് വൈകിട്ടാണ് ഗര്‍ഭിണിയായ ആരതിയെ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സണ്‍റൈസിലേക്ക് മാറ്റിയത്. പ്രസവവും ഒരാഴ്ചത്തെ ചികിത്സയും കഴിഞ്ഞപ്പോള്‍ അമ്മയ്ക്കും കുഞ്ഞിനുമായി 2,19,200 രൂപയുടെ ബില്ലാണ് ആശുപത്രി നല്‍കിയത്. സ്വകാര്യ ആശുപത്രികളില്‍ 35000 രൂപ വരെ ഈടാക്കാവുന്ന സാധാരണ പ്രസവത്തിന് 60000 രൂപയാണ് ആശുപത്രിയില്‍ ഈടാക്കിയിരിയ്ക്കുന്നത്. 62000 രൂപ മുറിവാടകയും. പി പി ഇ കിറ്റുകള്‍ക്കെന്ന പേരിലും മുപ്പതിനായിരത്തിലധികം രൂപ ഈടാക്കിയതായി കുടുംബം പരാതിപ്പെടുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പ്രവര്‍ത്തനച്ചിലവ്, മരുന്നുകള്‍, ഭക്ഷണം എന്നിവയ്ക്കും വലിയ തുകകളാണ് ഈടാക്കിയിരിക്കുന്നത്.
നേരാവണ്ണം ജലലഭ്യത പോലുമില്ലാത്ത മുറിക്കാണ് 62000 രൂപ വാടക ഈടാക്കിയതെന്ന് വിഷ്ണു പറയുന്നു. പ്രസവദിനം ഒഴിവാക്കിയാല്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കാര്യമായ പരിചരണം ഉണ്ടായിട്ടില്ല. ഐ സി യു, ഓക്സിജന്‍ സൗകര്യം എന്നിവയും ലഭ്യമാക്കിയിട്ടില്ലെന്ന് ആരതി പറയുന്നു. പ്രസവശേഷം നടത്തിയ പരിശോധനയില്‍ കുട്ടി കോവിഡ് പോസിറ്റീവ് ആയിരുന്നു. എന്‍ ഐ സി യുവില്‍ അഞ്ചു ദിവസം കിടത്തിയതിന് 75,494 രൂപയാണ് കുട്ടിയുടെ പേരില്‍ ഈടാക്കിയിരിക്കുന്നത്. രാവിലെ നല്‍കിയ ഇഡ്ഡലിക്കും വൈകിട്ടു നല്‍കിയ കഞ്ഞിക്കുമടക്കം ഭക്ഷണ ഇനത്തിലും മൂവായിരത്തോളം രൂപ ഈടാക്കിയിട്ടുണ്ട്.