കോവിഡ് ചികിത്സ ; സ്വകാര്യ ആശുപത്രികളുടെ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍
കോവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്നും ഈടാക്കാവുന്ന നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍. ജനറല്‍ വാര്‍ഡിന് 2645 രൂപയേ ഈടാക്കാന്‍ പാടുള്ളുവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഇതില്‍ ഉള്‍പ്പെടും. കൂടുതല്‍ നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ചികിത്സ നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ അപ്പീല്‍ അതോറിറ്റി രൂപീകരിക്കും. അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്ക് ഈടാക്കിയ അധിക തുകയുടെ പത്ത് ഇരട്ടി പിഴ ചുമത്തും. ഓക്‌സിമീറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ക്കും അധിക തുക ഈടാക്കരുത്.
പ്രതിദിനം ഒരു രോഗിക്ക് ജനറല്‍ വാര്‍ഡിന് 2645 രൂപയാണ്. അത് 2910 രൂപ വരെ പരമാവധി പോകാം. സര്‍ക്കാരിന്റെ ഈ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് കോടതി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിലെ പല കാര്യങ്ങളും പ്രായോഗികമല്ലെന്ന് സ്വകാര്യ ആശുപത്രികള്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ പറയുന്ന ചില കാര്യങ്ങള്‍ ശരിയാണെന്നും പക്ഷേ നിലവിലെ സാഹചര്യം അസാധാരണമാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതായി ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ചികിത്സാ നിരക്ക് നിജപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുള്ളതായി വ്യക്തമാക്കിയത്.
രജിസ്ട്രേഷന്‍, കിടക്ക, നേഴ്സിങ് ചാര്‍ജ് അടക്കമുള്ളവ ഉള്‍പ്പെടെ 2645 രൂപ മാത്രമേ ജനറല്‍ വാര്‍ഡുകളില്‍ ഈടാക്കാവൂ എന്നാണ് വിജ്ഞാപനം. സിടി സ്‌കാന്‍ അടക്കമുള്ള പരിശോധനകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാം. ജനറല്‍ വാര്‍ഡില്‍ രണ്ട് പിപിഇ കിറ്റ് മാത്രമേ ഒരു രോഗിക്ക് ഉപയോഗിക്കാവൂ എന്നും ഐസിയുവില്‍ ആണെങ്കില്‍ അഞ്ച് പിപിഇ കിറ്റുകള്‍ വരെ ആകാമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ പരമാവധി വില്‍പന വിലയില്‍ കൂടുതല്‍ നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്കമാക്കുന്നു. ഈ അസാധാരണ സാഹചര്യത്തിലും ചികിത്സയ്ക്ക് ഭീമമായ തുകയാണ് ആശുപത്രികള്‍ ഈടാക്കുന്നതെന്ന് ബില്ലുകള്‍ ഉയര്‍ത്തിക്കാട്ടി കോടതി വിമര്‍ശനം ഉയര്‍ത്തി.
നിലവിലെ സാഹചര്യം വളരെ മോശമാണ്. കഞ്ഞിക്ക് 1353 രൂപയും ഡോളോയ്ക്ക് 25 രൂപയും ഈടാക്കിയ ആശുപത്രികളുണ്ടെന്നും ഇത്തരം കൊള്ള അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. രണ്ടു ദിവസത്തെ ഓക്‌സിജന് 45,000 രൂപ ഈടാക്കിയ സംഭവം ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതേത്തുടര്‍ന്ന് സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച ചെയ്തശേഷമാണ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് കോടതി പറഞ്ഞു. അതേസമയം കൊള്ള നടത്താന്‍ പറ്റാത്ത വിഷമത്തിലാണ് സൗകാര്യ ആശുപത്രികള്‍.