18-45 വയസ്സുകാര്‍ക്കുള്ള വാക്‌സിന്‍ വിതരണം ; നയം വിശദീകരിച്ച് മുഖ്യമന്ത്രി
18 മുതല്‍ 45 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ള വാക്‌സിന്‍ വിതരണത്തില്‍ നയം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതര രോഗം ബാധിച്ചവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള മുന്‍ഗണനാ ഗ്രൂപ്പിനാണ് ആദ്യം വാക്‌സിന്‍ നല്‍കുക. ഈ മുന്‍ഗണനാ ക്രമം നേരത്തെ തീരുമാനിച്ചതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കൊവിഡ് വാക്‌സിന്‍ കേരളത്തിലെത്തിയിരുന്നു.
ഉച്ചയ്ക്ക് 12.30 ഓടെ പൂനെയില്‍ നിന്നും വിമാനത്തിലാണ് വാക്‌സിന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തിച്ചത്. എറണാകുളം മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ കോര്‍പറേഷന്‍ വെയര്‍ഹൗസിലെത്തിക്കുന്ന വാക്‌സിന്‍ ഇവിടെ നിന്ന് റീജിയണല്‍ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും. ഒരു കോടി ഡോസ് വാക്സിന്‍ വിലകൊടുത്തു വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. 75 ലക്ഷം കൊവിഷീല്‍ഡ് വാക്‌സിനും 25 ലക്ഷം കൊവാക്‌സിനുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്.
സിഎഫ്എല്‍ടിസികള്‍, സിഎസ്എല്‍ടിസികള്‍, ഡിസിസികള്‍ ഇവ ഇല്ലാത്തിടങ്ങളില്‍ ഉടന്‍ സ്ഥാപിക്കും. ഇതിനായി വാര്‍ഡ് തല സമിതികള്‍ ശക്തമാക്കുന്നുണ്ട്. പള്‍സ് ഓക്‌സി മീറ്റര്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കും എന്നും അദ്ദേഹം പറഞ്ഞു. 8 വയസ് മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സമീപനം. എന്നാല്‍ ഈ വിഭാഗത്തിലുള്ളവര്‍ക്കും സൗജന്യ വാക്സിന്‍ ലഭ്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.