ഡെന്നിസ് ജോസഫ് അന്തരിച്ചു
മലയാള സിനിമയിലെ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഏറ്റുമാനൂരിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
1985-ല്‍ ജേസി സംവിധാനം ചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ചലച്ചിത്രരംഗത്തെ പ്രവേശനം. മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. മനു അങ്കിള്‍ 1988ല്‍ ദേശീയ പുരസ്‌കാരം നേടിയിരുന്നു.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി. പിന്നീട് ഫാര്‍മസിയില്‍ ഡിപ്ലോമയും കരസ്ഥമാക്കി. മലയാളസിനിമയുടെ ഇന്നത്തെ മുഖം സൃഷ്ടിക്കുന്നതിന് വലിയൊരു അളവ് പങ്കുവഹിച്ച സിനിമാ പ്രവര്‍ത്തകനാണ് ഡെന്നീസ് ജോസഫ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള തന്റെ ജീവിതത്തേക്കുറിച്ച് അദ്ദേഹമെഴുതിയ ‘നിറക്കൂട്ടുകളില്ലാതെ’എന്ന പുസ്തകം നടന്‍ മമ്മൂട്ടി ആയിരുന്നു പ്രകാശനം ചെയ്തത്.
മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതി മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാറായ രാജാവിന്റെ മകന്‍, താരപരിവേഷത്തിനപ്പുറം നിന്ന് മമ്മൂട്ടിക്ക് കച്ചവട സിനിമയില്‍ കുതിപ്പ് നല്‍കിയ നിറക്കൂട്ട്, സിനിമയില്‍ നിന്നും ഇല്ലാതാകുമോ എന്ന് ഭയന്ന കാലത്ത് മമ്മൂട്ടി എന്ന നടനെയും താരത്തെയും തിരികെ കൊണ്ടുവന്ന ന്യൂഡല്‍ഹി ഇങ്ങനെ സൂപ്പര്‍ ഹിറ്റുകളുടെ സുഹൃത്ത് ആയിരുന്നു ഡെന്നീസ്.