യമുന നദിയില്‍ കരയ്ക്കടിഞ്ഞ് മൃതദേഹങ്ങള്‍ ; ആശങ്കയില്‍ ജനം

യമുന നദിയില്‍ മൃതദേഹങ്ങള്‍ കരയ്ക്കടിയുന്നത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നു. ഡസന്‍ കണക്കിന് മൃതദേഹങ്ങളാണ് ഇവിടെ കരയ്ക്കടിയുന്നത്. തൊട്ടടുത്ത ഗ്രാമവാസികള്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം യമുനയില്‍ ഒഴുക്കുകയാണെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയില്‍ ആണ് സംഭവം. ഇന്നലെയാണ് മൃതദേഹങ്ങള്‍ കരയ്ക്കടിയുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

ശ്മശാനങ്ങളില്‍ സംസ്‌കരിക്കാന്‍ കാത്തുകിടക്കേണ്ടതിനാല്‍ മൃതദേഹങ്ങള്‍ യമുന നദിയില്‍ ഒഴുക്കുന്നകാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പ്രാദേശിക ഭരണകൂടം തന്നെ യമുനയില്‍ ഒഴുക്കുന്നതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഉത്തര്‍പ്രദേശ് പ്രാദേശിക ഭരണകൂടങ്ങള്‍ക്കോ, ജില്ല ഭരണകൂടങ്ങള്‍ക്കോ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ അറിയില്ല. മരിച്ചവരുടെ കണക്കുകള്‍ ഇല്ലാത്തതിനാല്‍തന്നെ മൃതദേഹം എന്തുചെയ്തുവെന്നതിനെ കുറിച്ചും ഭരണകൂടങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ല.